January 9, 2025
Home » ആളോഹരി ചെലവ്; മുന്നില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ Jobbery Business News

വെള്ളിയാഴ്ച പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ 2023-24 പ്രകാരം പ്രതിമാസ ആളോഹരി ഉപഭോഗ ചെലവില്‍ (എംപിസിഇ) ദക്ഷിണേന്ത്യ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ മറികടക്കുന്നു. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍-കേരളം, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക- എംപിസിഇയില്‍ ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതല്‍ മുന്നിട്ടുനില്‍ക്കുന്നു.

കേരളത്തില്‍ ഗ്രാമീണ കുടുംബങ്ങള്‍ പ്രതിമാസം 6,611 രൂപ ചെലവഴിക്കുമ്പോള്‍, നഗരങ്ങളിലെ കുടുംബങ്ങള്‍ 7,834 രൂപ ചെലവഴിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.

ഒരുവ്യക്തി പ്രതിമാസം തന്റെ അടിസ്ഥാന ചെലവുകള്‍ക്ക് (ഭക്ഷണം, ആരോഗ്യം,വൈദ്യുതി, ഗതാഗതം, വിദ്യാഭ്യാസം) ചെലവഴിക്കുന്ന തുകയാണ് പ്രതിമാസ ആളോഹരി ചെലവായി കണക്കാക്കുന്നത്.

ദേശീയ ശരാശരി ഗ്രാമങ്ങളിലും നഗരങ്ങളിലും യഥാക്രമം 4,122 രൂപയും 6,996 രൂപയുമാണ്. ഗ്രാമങ്ങളില്‍ 5,872 രൂപയും നഗരങ്ങളില്‍ 8,325 രൂപയുമായി തമിഴ്നാട് തൊട്ടുപിന്നില്‍. തെലങ്കാനയുടെ കണക്കുകള്‍ യഥാക്രമം 5,675 രൂപയും 9,131 രൂപയുമാണ്.

ആന്ധ്രാപ്രദേശ് ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയര്‍ന്ന എംപിസിഇ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമീണ കുടുംബങ്ങള്‍ 6,107 രൂപയും നഗരങ്ങളിലെ കുടുംബങ്ങള്‍ 9,877 രൂപയും ചെലവഴിക്കുന്നു. ഗ്രാമീണ മേഖലയില്‍ 5,068 രൂപയും നഗരങ്ങളില്‍ 8,169 രൂപയുമായി കര്‍ണാടക ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി.

അതേസമയം ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ വ്യാവസായിക സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയെ അറികെ മാത്രമാണ്. ജനസംഖ്യയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവയും പിന്നിലാണ്. ഗ്രാമീണ, നഗര ചെലവുകളുടെ കാര്യത്തില്‍ പശ്ചിമ ബംഗാളിലും ശരാശരിയേക്കാള്‍ താഴെയാണ്.

സര്‍വേയില്‍ രാജ്യവ്യാപകമായി വൈരുധ്യങ്ങള്‍ കണ്ടെത്തി. ഏറ്റവും കൂടുതല്‍ എംപിസിഇ രേഖപ്പെടുത്തിയത് സിക്കിമിലാണ്. ഗ്രാമീണ കുടുംബങ്ങള്‍ 9,377 രൂപയും നഗരങ്ങളിലെ കുടുംബങ്ങള്‍ 13,927 രൂപയും ചെലവഴിക്കുന്നു. മറുവശത്ത്, ഛത്തീസ്ഗഢ് ഏറ്റവും കുറഞ്ഞ എംപിസിഇ റിപ്പോര്‍ട്ട് ചെയ്തു, ഗ്രാമപ്രദേശങ്ങളില്‍ 2,739 രൂപയും നഗരപ്രദേശങ്ങളില്‍ 4,927 രൂപയുമാണ്.

ഗ്രാമീണ-നഗര വ്യത്യാസങ്ങളും സര്‍വേ വെളിപ്പെടുത്തി. 104% ഗ്രാമ-നഗര വ്യത്യാസവുമായി മേഘാലയ മുന്നിട്ടുനില്‍ക്കുന്നു. ജാര്‍ഖണ്ഡ് 83%, ഛത്തീസ്ഗഡ് 80%.

ഒന്‍പത് സംസ്ഥാനങ്ങളില്‍ എംപിസിഇ നിലവാരം ഗ്രാമീണ, നഗര വിഭാഗങ്ങളില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. 2023 ഓഗസ്റ്റ് മുതല്‍ 2024 ജൂലൈ വരെ നടത്തിയ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ, ദാരിദ്ര്യം, അസമത്വം, സാമ്പത്തിക ക്ഷേമം എന്നിവ അളക്കാന്‍ സഹായിക്കുന്ന ചെലവ് പ്രവണതകളെക്കുറിച്ചുള്ള നിര്‍ണായക ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *