January 13, 2025
Home » കരുത്തായി ട്രംപ്; കത്തിക്കയറി വിപണി Jobbery Business News

അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ കുതിപ്പോടെയാണ്. രണ്ടാം നാളിലേക്ക് കുതിപ്പ് തുടർന്ന വിപണി ഒരു ശതമാനത്തിലധികം നേട്ടമാണ് രേഖപ്പെടുത്തിയത്. ഐടി, ഫാർമ ഓഹരികളിലെ കനത്ത വാങ്ങൽ സെൻസെക്സിനെ 901 പോയിൻ്റ് നേട്ടത്തിലെത്തിച്ചു. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിക്കുമെന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

സെൻസെക്‌സ് 901.50 പോയിൻ്റ് അഥവാ 1.13 ശതമാനം ഉയർന്ന് 80,378.13ലും നിഫ്റ്റി 270.75 പോയിൻ്റ് അഥവാ 1.12 ശതമാനം ഉയർന്ന് 24,484.05ലും ക്ലോസ് ചെയ്തു.

സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസും ഇൻഫോസിസും 4 ശതമാനം വീതം ഉയർന്നു. എച്ച്‌സിഎൽ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, അദാനി പോർട്ട്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, മാരുതി, റിലയൻസ് ഇൻഡസ്‌ട്രീസ് തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി.

ടൈറ്റൻ, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ആക്‌സിസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നീ ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

എല്ലാ മേഖലാ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചിക 4 ശതമാനവും ഓയിൽ ആൻഡ് ഗ്യാസ്, പവർ, ക്യാപിറ്റൽ ഗുഡ്‌സ്, റിയൽറ്റി സൂചികകൾ 2 ശതമാനം വീതവും ഉയർന്നു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 2 ശതമാനത്തിലേറെയും സ്‌മോൾക്യാപ് സൂചിക ഏകദേശം 2 ശതമാനവും ഉയർന്നു.

“അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് ആഗോള വിപണികളിൽ ഒരു ആശ്വാസ റാലി അനുഭവപ്പെട്ടു, ട്രംപ് ശക്തമായ ജനവിധി നേടിയതോടെ രാഷ്ട്രീയ അനിശ്ചിതത്വം കുറഞ്ഞു.” വിനോദ് നായർ, ഹെഡ് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണം പറഞ്ഞു.

ഏഷ്യൻ വിപണികളിൽ ടോക്കിയോ നേട്ടത്തിലും സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിൽ തുടരുന്നു. ചൊവ്വാഴ്ച യു എസ് വിപണികൾ മികച്ച നേട്ടത്തിലായിരുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2,569.41 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 3,030.96 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ബ്രെൻ്റ് ക്രൂഡ് ബാരലിന് 2 ശതമാനം ഇടിഞ്ഞ് 74.02 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 84.30ൽ എത്തി. സ്വർണം ട്രോയ് ഔൺസിന് 0.17 ശതമാനം ഉയർന്ന് 2730 ഡോളറിലെത്തി.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *