കേരള തീരത്ത് കപ്പലിൽ നിന്ന് കാർഗോ കടലിൽവീണു; അപകടകരമായ വസ്തുവെന്ന് കോസ്റ്റ് ഗാർഡ്, ജനങ്ങൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്.

കൊച്ചി : വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടു. ഇതിലുണ്ടായിരുന്ന മറൈന്‍ ഓയിലും ചില രാസവസ്തുക്കളും ഉള്ള കണ്ടെയ്‌നറുകള്‍ കടലില്‍ വീണതിനെത്തുടര്‍ന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു.

ലൈബീരിയന്‍ ഫ്‌ളാഗുള്ള എം.എസ്.സി എല്‍സ3 എന്ന കാര്‍ഗോ ഷിപ്പാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ചരിയുകയായിരുന്നുവെന്നാണ് വിവരം. ഇതിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ ഒമ്പത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 15 പേര്‍ക്കായി രക്ഷാപ്രവർത്തനം നടത്തി വരികയാണ്. വിഴിഞ്ഞത്ത് നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട കപ്പല്‍ കൊച്ചി തുറമുഖത്ത്‌ കുറച്ച് ചരക്കുകള്‍ ഇറക്കിയ ശേഷം തൂത്തുക്കുടിയിലേക്ക് പോകാനിരുന്നതാണെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനത്തിനായി കോസ്റ്റ്ഗാര്‍ഡും നേവിയും രംഗത്തുണ്ട്. ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് ഒമ്പതു ജീവനക്കാര്‍ രക്ഷപ്പെട്ടത്. കണ്ടെയ്നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തേക്ക് പോകുകയോ ഇതില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംശയാസ്പദകരമായ വസ്തുക്കള്‍ കണ്ടാല്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കില്‍ 112ലോ വിളിച്ച് വിവരം അറിയിക്കണം.

കടല്‍ തീരത്ത് എണ്ണപ്പാട ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു. വടക്കന്‍ കേരള തീരത്താണ് ഈ കണ്ടെയ്നറുകള്‍ അടിയാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് അറിയിച്ചു. ആറ് മുതല്‍ എട്ട് കണ്ടെയ്‌നറുകളാണ് കടലില്‍ വീണതെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *