പുന്നയൂർ: വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്ന പുന്നയൂർ ഗ്രാമപഞ്ചായത്തിലെ 124 വർഷം പഴക്കമുള്ള പുന്നയൂർ നോർത്ത് ജി.എം.എൽ.പി സ്‌കൂളിന് സ്വന്തമായി ഭൂമിയായി. ഭൂമിയുടെ ദാനാധാരം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു തടാകം ഫൗണ്ടേഷൻ ചെയർമാൻ എം.വി കുഞ്ഞിമുഹമ്മദ് ഹാജിയിൽ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാലയത്തിന് സ്വന്തമായി ലഭിച്ച ഭൂമിയിൽ കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് എംഎൽഎ എൻ.കെ അക്ബർ ഉറപ്പ് നൽകിയതായി മന്ത്രി പറഞ്ഞു.
ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടേയും അവകാശമാണെന്ന് വിശ്വസിക്കുന്ന സർക്കാരാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം നടപ്പാക്കി കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളാകെ അന്തർദേശീയ നിലവാരത്തിൽ ഉയർത്തിക്കൊണ്ട് ഏറ്റവും ആധുനിക മുഖഛായയുള്ള കെട്ടിടങ്ങൾ സർക്കാർ വിദ്യാലയങ്ങൾക്കും സാധ്യമാകുമെന്ന് തെളിയിച്ച സംസ്ഥാനമാണ് നമ്മുടേത്. യുപി സ്‌കൂളുകളിൽ പോലും സ്മാർട്ട് ക്ലാസ് റൂമുകൾ സജ്ജമാക്കാൻ നമുക്ക് സാധിച്ചു. രാജ്യത്തിനകത്തും പുറത്തും നിരവധി പുരസ്‌കാരങ്ങളാണ് വിദ്യാഭ്യാസ മേഖലക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സ്കൂൾ വിദ്യാഭ്യാസ മേഖലക്കാണ് മുൻഗണന നൽകിയിരുന്നതെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ പരിഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്. ആറായിരം കോടി രൂപയാണ് കഴിഞ്ഞ നാല് വർഷത്തിനിടെ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർവ്വകലാശാലകളുടെയും കോളേജുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ചിലവഴിച്ചത്. അതിന്റെ ഭാഗമായി ഇന്ന് ദേശീയ, അന്തർദേശീയ ഗുണ നിലവാര പരിശോധനകളിലൊക്കെ വലിയ അംഗീകാരമാണ് കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ എന്നത്തേയും പോലെ കേരളം നമ്പർ വൺ ആയി മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു.
ജി.എം.എൽ.പി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വ്യവസായിയുമായ എം.വി കുഞ്ഞിമുഹമ്മദ് ഹാജി 51,90,000 രൂപ ചിലവഴിച്ച് 30.25 സെന്റ് ഭൂമി വാങ്ങിയാണ് സൗജന്യമായി സ്കൂളിന് നൽകിയത്. ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിസ്‌ന ലത്തീഫ്, പുന്നയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എ വിശ്വനാഥൻ, ഷെമീം അഷ്റഫ്, എ.കെ. വിജയൻ, പുന്നയൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സെലീന നാസർ, എം.വി. ഹൈദ്രാലി, എം.കെ അറാഫത്ത്, സി. അഷറഫ്, പിടിഎ പ്രസിഡന്റ് റാഷിദ ഷിഹാബുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ സ്വാഗതവും ജി.എം.എൽ.പി.എസ് പ്രധാനാധ്യാപിക പി.സി വിലാസിനി നന്ദിയും പറഞ്ഞു. അധ്യാപകർ, പിടിഎ അംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
The post പുന്നയൂർ ജി.എം.എൽ.പി സ്‌കൂളിന് സ്വന്തമായി ഭൂമിയായി; ദാനാധാരം മന്ത്രി ഡോ. ആർ. ബിന്ദു ഏറ്റുവാങ്ങി appeared first on News One Thrissur.