മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു; വീടുകളിൽ നിന്ന് മാറാൻ പ്രദേശവാസികൾക്ക് നിർദേശം

കൊല്ലം: അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ തീരത്തടിഞ്ഞു. കൊല്ലം കരുനാഗപ്പള്ളി ചെറിയഴീക്കൽ തീരത്താണ് അടിഞ്ഞത്. ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചു നിൽക്കുന്ന നിലയിൽ കണ്ടെത്തി. ജനവാസ മേഖലക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപത്തെ വീടുകളിൽ ഉള്ളവരോട് ബന്ധു വീടുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഒഴിഞ്ഞ കണ്ടെയ്നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം. ശക്തമായ തിരയടിക്കുന്നതിനാൽ കൂടുതൽ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.

കൊല്ലം കലക്ടർ ദേവിദാസ് ഉൾപ്പെടെയുള്ളവർ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നറെന്നാണ് പ്രാഥമിക നിഗമനം. കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ് ഉണ്ടായിരുന്നത്. നാട്ടുകാരാണ് കണ്ടെയ്നര്‍ തീരത്തടിഞ്ഞ വിവരം അധികൃതരെ അറിയിച്ചത്. മുങ്ങിയ കപ്പലിൽ നിന്നുള്ള വസ്തുക്കൾ എന്ന് തോന്നുന്നവ തീരത്ത് അടിഞ്ഞത് കണ്ടാൽ ദയവായി തൊടരുത്, അടുത്ത് പോകരുത്, അപ്പോൾ തന്നെ 112 വിൽ അറിയിക്കുക. ചുരുങ്ങിയത് 200 മീറ്റർ എങ്കിലും മാറി നിൽക്കാൻ ശ്രദ്ധിക്കുക. കൂട്ടം കൂടി നിൽക്കരുത്. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുത്. ദൂരെ മാറി നിൽക്കുവാൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വിഴിഞ്ഞത്ത് നിന്നും കൊച്ചിയിലേക്കു വന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പലാണ് തീരത്തു നിന്നു 38 നോട്ടിക്കൽ മൈൽ അകലെ ഇന്നലെ മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്തു നിന്നും പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ അപകടത്തിൽപെടുകയായിരുന്നു. കടൽക്ഷോഭത്തെ തുടർന്ന് കപ്പൽ ചരിയുകയും കണ്ടെയ്‌നറുകൾ കടലിൽ വീഴുകയുമായിരുന്നുവെന്നാണ് നിലവിലെ വിലയിരുത്തൽ.

The post മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു; വീടുകളിൽ നിന്ന് മാറാൻ പ്രദേശവാസികൾക്ക് നിർദേശം appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *