February 18, 2025
Home » ലുലു ഐപിഒയ്ക്ക് വമ്പന്‍ വരവേല്‍പ്; ഒറ്റ മണിക്കൂറില്‍ രചിച്ചത് പുത്തന്‍ റെക്കോര്‍ഡ് Jobbery Business News

നിക്ഷേപ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് അബു ദാബിയില്‍ ലിസ്റ്റ് ചെയ്യാനിരിക്കുന്ന ലുലുവിന്റെ ഓഹരികള്‍. ഇഷ്യൂവിന്റെ ആദ്യ ദിവസം ഒറ്റ മണിക്കൂറില്‍ ലുലുവിന്റെ മുഴുവന്‍ ഓഹരികള്‍ക്കുള്ള അപേക്ഷകളും ലഭിച്ചു. ഇഷ്യൂവിലൂടെ ഏകദേശം 5.01 ബില്യണ്‍ ദിര്‍ഹം മുതല്‍ 5.27 ദിര്‍ഹം ($1.36-1.43 ബില്യണ്‍) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഹരിയൊന്നിന് 1.94 ദിര്‍ഹം മുതല്‍ 2.04 ദിര്‍ഹം വരെയാണ് പ്രൈസ് ബാന്‍ഡ്. നവംബര്‍ അഞ്ചിനാണ് ഇഷ്യൂ അവസാനിക്കുക. ഓഹരികളുടെ അലോട്ട്‌മെന്റ് നവംബര്‍  13-ന് പൂര്‍ത്തിയാവും. നവംബര്‍ 14 ന് അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

ലുലു റീട്ടെയ്‌ലിന്റെ 25 ശതമാനം ഓഹരികളാണ് അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത്. ഇഷ്യൂ പൂര്‍ത്തിയാവുന്നതോടെ ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്സിലെ യൂസഫലിയുടെ പങ്കാളിത്തം 60 ശതമാനമായി കുറയും. ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ 20 ശതമാനം ഓഹരികള്‍ 2021ല്‍ അബുദാബി ഡെവലപ്മെന്റല്‍ ഹോള്‍ഡിംഗ് കമ്പനിക്ക് (എഡിക്യു) വിറ്റിരുന്നു.

യുഎഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡാണ് ലുലു സ്വന്തമാക്കിയത്.  ഓയില്‍ സെര്‍വിസ്സ് കമ്പനിയായ എന്‍എംഡിസി എനര്‍ജിയുടെ 877 മില്യണ്‍ ഡോളര്‍ സമാഹരിച്ച ഇഷ്യൂവിനെയാണ് ലുലു മറികടന്നത്. ഇഷ്യൂവിന്റെ 89 ശതമാനം ഓഹരികളും യോഗ്യമായ നിക്ഷേപ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നു. പത്തു ശതമാനം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്കും ഒരു ശതമാനം യോഗ്യരായ ജീവനക്കാര്‍ക്കും മാറ്റിവച്ചിട്ടുണ്ട്. ഒരു ലോട്ടില്‍ 1000 ഓഹരികളായിരിക്കും ഉണ്ടാവുക. ഓഹരികള്‍ വിപണിയിലെത്തുന്നതോടെ ലുലു ഗ്രൂപ്പിന്റെ വിപണി മൂല്യം ഏകദേശം 58,000 കോടി രൂപയോളമായി മാറും. 

കൊച്ചി, ബാംഗ്ലൂര്‍, ലഖ്നൗ, കോയമ്പത്തൂര്‍, തിരുവനന്തപുരം, പാലക്കാട്, ഹൈദരാബാദ്, കോഴിക്കോട് എന്നിവിടങ്ങളില്‍ ലുലു ഗ്രൂപ്പിന് മാളുകള്‍ ഉണ്ട്.യുഎഇ, കെഎസ്എ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലാണ് ലുലു ഗ്രൂപ്പ് റീട്ടെയില്‍ സ്റ്റോറുകള്‍ നടത്തുന്നത്. യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രോസറി റീട്ടെയിലറും ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ ഏറ്റവും വലിയ റീട്ടെയിലറും കെഎസ്എയിലെ ഏറ്റവും വലിയ പാന്‍-ജിസിസി റീട്ടെയിലറുമാണ് ലുലു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *