April 28, 2025
Home » ലോക ശ്രദ്ധ പിടിച്ചുപറ്റി കൊച്ചി വാട്ടര്‍മെട്രോ മൂന്നാം വര്‍ഷത്തിലേക്ക് Jobbery Business News New

കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വ്വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

വാട്ടര്‍ മെട്രോയെന്ന ഈ ജലഗതാഗത സംവിധാനം വളരെ കുറഞ്ഞ ചിലവില്‍ പൊതു ഗതാഗത മേഖലയിലെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങളെ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ നിറവേറ്റുകയും റോഡുകളിലെ തിരക്ക് കുറയ്ക്കുകയും ചെയ്യുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അതുല്യമായ യാത്ര അനുഭവം, ജലയാത്രയ്ക്ക്് ഇത്രയേറെ വ്യത്യസ്തയും ആസ്വാദ്യതയും ആവേശവും സുഖവും പ്രദാനം ചെയ്യുന്ന മറ്റൊന്നില്ല. വാട്ടര്‍മെട്രോയിലെ സന്ദര്‍ശക രജിസ്റ്റര്‍ പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള അനുഭവക്കുറിപ്പുകള്‍ നിരവധിയാണ്. കൊച്ചി വാട്ടര്‍മെട്രോയുടെ മികവുറ്റ പദ്ധതി നിര്‍വ്വഹണവും അതുല്യമായ സര്‍വ്വീസ് മികവും രാജ്യത്തെ 21 സ്ഥലങ്ങളില്‍ കൂടി ഇത് നടപ്പാക്കാന്‍ സര്‍ക്കാരിന് കരുത്തുപകര്‍ന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ ഈ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം വന്നുകഴിഞ്ഞു. ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയകാലയളവിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കി.

ഒരു മാസത്തിനുള്ളില്‍ പുതിയ ബോട്ട്

ആദ്യഘട്ടത്തില്‍ 23 ബോട്ടുകളാണ് നിര്‍മിക്കാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് കരാര്‍ നല്‍കിയിരുന്നത്. 19 ബോട്ടുകള്‍ ലഭിച്ചു. അവശേഷിക്കുന്ന നാല് ബോട്ടുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂരോഗമിക്കുന്നു. ഇതില്‍ ഒരെണ്ണത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചു. ഒന്നര മാസത്തിനുള്ളില്‍ ഈ ബോട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് 19 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വ്വീസ് ഉള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഹൈക്കോര്‍ട്ട്-ഫോര്‍ട്ട്‌കൊച്ചി റൂട്ടിലാണ്. 2023 ഏപ്രില്‍ 25 നാണ് കൊച്ചി വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിച്ചത്.

കൊച്ചിയില്‍ ഈ വര്‍ഷം കൂടുതല്‍ ടെര്‍മിനലുകള്‍

കൊച്ചി വാട്ടര്‍മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 15 ടെര്‍മിനലുകളാണ് ഉള്ളത്. ഇതില്‍ 10 ടെര്‍മിനലുകളില്‍ സേവനം ആരംഭിച്ചുകഴിഞ്ഞു. അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിംഗ്ടണ്‍ ഐലന്റു് ടെര്‍മിനലുകള്‍ അടുത്ത മാസം പ്രവര്‍ത്തനം ആരംഭിക്കാന്‍ ലക്ഷ്യമിട്ട് അന്തിമ ജോലികള്‍ പുരോഗമിക്കുകയാണ്. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കും.

മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക്

മഹാരാഷ്ട്ര ഗവണ്‍മെന്റ് ആവശ്യപ്പെട്ടതനുസരിച്ച് മുംബൈ നഗരത്തില്‍ വാട്ടര്‍ മെട്രോ സേവനം നടപ്പാക്കാനുള്ള സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിക്കഴിഞ്ഞു. മഹാരാഷ്ട്ര മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് ഗവണ്‍മെന്റ് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊച്ചി കായലില്‍ തുടക്കമിട്ട പരിസ്ഥിതി സൗഹൃദമായ നൂതന പദ്ധതി മുംബൈ പോലുള്ള ഒരു മഹാനഗരം നടപ്പാക്കാനൊരുങ്ങുന്നത് കേരളത്തിന്റെ പദ്ധതി നിര്‍വ്വഹണ മികവിനുള്ള തെളിവുകൂടിയാണ്.

കൊച്ചി വാട്ടര്‍ മെട്രോയുടെ വിജയകരമായ നടത്തിപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള വിവിധ കേന്ദ്രങ്ങളില്‍ പദ്ധതി നടപ്പാക്കാനുള്ള സാധ്യത പഠനം നടത്തുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ജമ്മു, കാശ്മീര്‍, കര്‍ണ്ണാട, ഗോവ, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, ഉത്തര്‍പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെയും ആന്തമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 21 കേന്ദങ്ങളില്‍ വാട്ടര്‍മെട്രോ നടപ്പാക്കാനുള്ള സാധ്യത പഠനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രയാഗ്രാജ്, വാരണാസി, അയോധ്യ, പാട്‌ന, അഹമ്മദാബാദ്, സൂററ്റ്, ജമ്മു കാശ്മീര്‍, ഗോവ, തേജ്പുര്‍, ദിബ്രുഗഡ്, കട്ടക്, ചിലിക, കല്‍ക്കട്ട, ധൂബ്രി, മംഗലാപുരം, കൊല്ലം, ആലപ്പുഴ, അന്തമാന്‍, ലക്ഷദ്വീപ്, മുംബൈ, മുംബൈ വസായ് എന്നിവിടങ്ങളിലാണ് വാട്ടര്‍ മെട്രോ ആരംഭിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടപഠനം പ്രയാഗ്രാജ്, വാരണാസി, അയോധ്യ, എന്നിവടങ്ങളില്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

സിവില്‍, മറൈന്‍ എഞ്ചിനീയേഴസ് അടങ്ങിയ പഠന സംഘം ചുരുങ്ങിയത് മുന്ന് സന്ദര്‍ശനം നടത്തും. ഇപ്പോഴത്തെ ജലാശയങ്ങളുടെ നിലവാരം, ഒഴുക്ക്, ജനവാസം, സാധ്യതയുള്ള സ്ഥലങ്ങള്‍, ഇതിന് മുമ്പ് പഠനം നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, ട്രാഫിക് സ്റ്റഡി, എതൊക്കെ ബോട്ടുകള്‍ ഓടിക്കാന്‍ പറ്റും, തുടങ്ങിയവ പഠിക്കും. ഓരോ സ്ഥലത്തെയും സ്‌റ്റേക് ഹോള്‍ഡേഴ്‌സിന്റെ മീറ്റിംഗ് നടത്തും. ട്രാഫിക് സ്റ്റഡി നടത്താനുള്ള ഏജന്‍സികളെ ക്ഷണിച്ചുകൊണ്ടുള്ള ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്.

രാജ്യത്തെ ഇത്രയും സ്ഥലങ്ങളിലെ വൈവിധ്യമാര്‍ന്ന ജലകേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ സാധ്യത പഠനം നടത്തുക എന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെങ്കിലും പരിചയ സമ്പന്നരായ മനുഷ്യവിഭവശേഷി ഇക്കാര്യത്തില്‍ കെഎംആര്‍എല്ലിന് കരുത്താണ്. കൊച്ചി മെട്രോയുടെ നിലവിലുള്ള വികസന പദ്ധതികള്‍ക്ക് തടസം വരാതെയാണ് പുതിയ കേന്ദ്രങ്ങളിലെ പഠനങ്ങളും നടത്തുന്നത്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *