Now loading...
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി വാർഷിക പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ലെന്നും പരീക്ഷാ ചെലവിനുള്ള തുക പിഡി അക്കൗണ്ടിൽ നിന്ന് കണ്ടെത്തണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പരീക്ഷ ചിലവിനായി സ്കൂളുകളുടെ സ്വന്തം അക്കൗണ്ടിൽ നിന്ന് പണം എടുക്കാനാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. മുൻ വർഷങ്ങളിൽ പരീക്ഷ നടത്തുന്നതിനുള്ള പണം മുൻകൂട്ടി സ്കൂളുകൾക്ക് അനുവദിച്ചിരുന്നു. അനുവദിക്കുന്ന തുകയിൽ നിന്ന് ചിലവാക്കിയ ശേഷം ബാക്കി ഉണ്ടെങ്കിൽ മടക്കി നൽകുകയാണ് ചെയ്തിരുന്നത്. എന്നാൽ ഈ വർഷം പണമില്ല എന്ന അറിയിപ്പാണ് വന്നത്. ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ (പ്ലസ് വൺ, പ്ലസ് ടു) പരീക്ഷകളും ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല എന്നാണ് വിശദീകരണം. മാർച്ചിൽ നടക്കുന്ന പരീക്ഷകൾക്കായി ആവശ്യമുള്ള പണം, സ്കൂളുകൾ മറ്റ് ആവശ്യങ്ങൾക്കായി നീക്കി വെച്ചിട്ടുള്ള പിഡി അക്കൗണ്ടുകളിൽ നിന്ന് എടുക്കണം എന്നാണ് ഉത്തരവ്. സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കുന്ന മുറക്ക് പിഡി അക്കൗണ്ടിൽ തിരിച്ചടച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.
Now loading...