April 8, 2025
Home » അമുലിന്റെ മൊത്തം വരുമാനം ഒരുലക്ഷം കോടിയിലെത്തും Jobbery Business News New

ഇന്ത്യയിലെ മുന്‍നിര പാലുല്‍പ്പന്ന ബ്രാന്‍ഡായ അമുലിന്റെ വരുമാനം ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്ന് വിലയിരുത്തല്‍. പാലിനും അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള ഉപഭോക്തൃ ആവശ്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്.

ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡ് (ജിസിഎംഎംഎഫ്) ആണ് ‘അമുല്‍’ ബ്രാന്‍ഡിന് കീഴില്‍ പാലുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. കൂടാതെ, അതിന്റെ 18 ജില്ലാ സഹകരണ പാല്‍ ഉല്‍പാദക യൂണിയനുകള്‍ പ്രാദേശിക ജില്ലാ വിപണികളില്‍ സ്വന്തമായി വില്‍ക്കുകയും ചെയ്യുന്നു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ അമുല്‍ ബ്രാന്‍ഡിന്റെ മൊത്തം വരുമാനം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്ന് പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ജി.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ജയന്‍ മേത്ത പറഞ്ഞു. ‘ഈ സാമ്പത്തിക വര്‍ഷം 14 ശതമാനം വളര്‍ച്ച നേടാനാണ് ലക്ഷ്യമിടുന്നത്,’ മേത്ത പറഞ്ഞു.

18 അംഗ യൂണിയനുകളുടെ അമുല്‍ ഉല്‍പ്പന്നങ്ങളുടെ നേരിട്ടുള്ള വിപണനത്തില്‍ നിന്നുള്ള വിറ്റുവരവ് ഈ സാമ്പത്തിക വര്‍ഷം ഏകദേശം 25,000 കോടി രൂപയാകും, ഇത് മൊത്തം വരുമാനം ഒരു ലക്ഷം കോടി രൂപയായി ഉയര്‍ത്തും.

2023-24 ല്‍ ജിസിഎംഎംഎഫിന്റെ വിറ്റുവരവ് ഏകദേശം 59,250 കോടി രൂപയായിരുന്നു. ‘എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളിലും ജിസിഎംഎംഎഫ് ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചു,’ അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കര്‍ഷക ഉടമസ്ഥതയിലുള്ള ക്ഷീര സഹകരണ സ്ഥാപനമാണ് ജിസിഎംഎംഎഫ്. ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലായി 36 ലക്ഷം കര്‍ഷകരും അതിന്റെ 18 അംഗ യൂണിയനുകളും പ്രതിദിനം 350 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാന രണ്ട് പാദങ്ങളില്‍ മാന്യമായ വളര്‍ച്ചയുണ്ടായതായി ജിസിഎംഎംഎഫിനെക്കുറിച്ച് മേത്ത പറഞ്ഞു. ‘വിറ്റുവരവിലെ വര്‍ധനവിന് പ്രധാനമായും കാരണമായത് വോളിയം വളര്‍ച്ചയാണ്. ഞങ്ങള്‍ വില കാര്യമായി വര്‍ധിപ്പിച്ചില്ല,’ മേത്ത പറഞ്ഞു.കഴിഞ്ഞ വര്‍ഷം ജൂണില്‍ മാത്രമാണ്, ഉല്‍പാദനച്ചെലവിലെ വര്‍ധനവ് കാരണം പാല്‍ വില ഉയര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം ജനുവരിയില്‍, ഉപഭോക്താക്കളെ വലിയ പായ്ക്കുകള്‍ വാങ്ങാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ജിസിഎംഎംഎഫ് ഇന്ത്യയിലുടനീളം ഒരു ലിറ്റര്‍ പായ്ക്കുകളുടെ വില ലിറ്ററിന് ഒരു രൂപ കുറച്ചു.

ഇന്റര്‍നാഷണല്‍ ഫാം കംപാരിസണ്‍ നെറ്റ്വര്‍ക്ക് പ്രകാരം പാല്‍ സംസ്‌കരണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 20 ക്ഷീര കമ്പനികളില്‍ ഇത് എട്ടാം സ്ഥാനത്താണ്. ജിസിഎംഎംഎഫ് ഏകദേശം 50 രാജ്യങ്ങളിലേക്ക് പാലുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *