January 9, 2025
Home » ആംനസ്റ്റി പദ്ധതി: കുടിശ്ശികകള്‍ തീര്‍പ്പാക്കാന്‍ ഇതാ സുവര്‍ണാവസരം Jobbery Business News

ജി.എസ്.ടി നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശ്ശികകൾ തീർപ്പാക്കുന്നതിനായി 2024 ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ച ആംനസ്റ്റി പദ്ധതിയിലേക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം.

കേരള മൂല്യ വർധിത നികുതി നിയമം, കേരള പൊതുവില്പന നികുതി നിയമം, കേരള നികുതിയിന്മേലുള്ള സർചാർജ് നിയമം, കേരള കാർഷിക ആദായ നികുതി നിയമം, കേരള ആഡംബര നികുതി നിയമം, കേന്ദ്ര വില്പന നികുതി നിയമം എന്നീ മുൻകാല നിയമങ്ങളോടനുബന്ധിച്ചുള്ള നികുതി കുടിശ്ശികകൾ തീർപ്പാക്കുന്നതിനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ലഭ്യമായിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം അൻപതിനായിരം രൂപവരെയുള്ള നികുതി കുടിശ്ശികകളെ അവയുടെ പിഴയും പലിശയുമടക്കം പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. 2024 ഡിസംബർ 1 മുതൽ 2024 ഡിസംബർ 31 വരെ ആംനസ്റ്റി പദ്ധതി പ്രകാരം പുതിയ അപേക്ഷ സമർപ്പിക്കുന്നവർക്കും ഈ കാലാവധിയിൽ സമർപ്പിച്ച അപേക്ഷയിൻ മേൽ ഷോർട് നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം പേയ്‌മെന്റ് നടത്തുന്നവർക്കും കേരള ഫിനാൻസ് ആക്ട് സെക്ഷൻ 9 (3) പ്രകാരം ഈ കാലയളവിൽ സമർപ്പിച്ച അപേക്ഷയിൽ മോഡിഫിക്കേഷൻ ഉത്തരവ് ലഭിച്ച് 60 ദിവസത്തിനകം പേയ്‌മെന്റ് നടത്തുന്നവർക്കും താഴെ പറയുന്ന നിരക്ക് ബാധകമാണ്.

അൻപതിനായിരം രൂപയ്ക്ക് മുകളിൽ പത്തു ലക്ഷം രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 36 ശതമാനം ഒടുക്കി തീർപ്പാക്കാം. പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശ്ശികകൾ (അപ്പീലിലുള്ള കുടിശ്ശികകൾക്ക് നികുതി തുകയുടെ 46 ശതമാനവും അപ്പീലിൽ ഇല്ലാത്ത കുടിശ്ശികകൾ നികുതി തുകയുടെ 56 ശതമാനവും) രണ്ട് വിധത്തിൽ തീർപ്പാക്കാം.

ഒരു കോടി രൂപയിൽ അധികം നികുതി തുകയുള്ള കുടിശ്ശികകൾ (അപ്പീലിലുള്ള കുടിശ്ശികകൾ നികുതി തുകയുടെ 76 ശതമാനവും അപ്പീലിൽ ഇല്ലാത്ത കുടിശ്ശികകൾ നികുതി തുകയുടെ 86 ശതമാനവും) എന്നിങ്ങനെ തീർപ്പാക്കാം.

ഈ കാലാവധിയിൽ സമർപ്പിച്ച അപേക്ഷയിൻ മേൽ ഷോർട് നോട്ടീസ്, മോഡിഫിക്കേഷൻ ഉത്തരവ് എന്നിവ പ്രകാരമുള്ള പേയ്മെന്റുകൾ 60 ദിവസത്തിന് മുകളിൽ 120 ദിവസത്തിനകം വരെ ചെയ്യുന്നവർക്ക് നിരക്കിൽ 2 ശതമാനം അധിക ബാധ്യത ഉണ്ടാകും.

പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in വഴി അടച്ചതിനു ശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ www.keralataxes.gov.in ൽ സമർപ്പിക്കണം.

ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralataxes.gov.in സന്ദർശിക്കുക അല്ലെങ്കിൽ സർക്കാർ വിജ്ഞാപനം എസ്.ആർ.ഒ നമ്പർ 1153 /2024 തീയതി 12/12/2024 കാണുക. പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി ഡിസംബർ 31. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *