Now loading...
റിസര്‍വ് ബാങ്ക് ഈ ആഴ്ച പ്രധാന പലിശ നിരക്കുകളില്‍ 25 ബേസിസ് പോയിന്റുകള്‍ വരെ കുറച്ചേക്കും. കുറഞ്ഞ പണപ്പെരുപ്പവും യുഎസിന്റെ താരിഫ് വെല്ലുവിളി ഉയര്‍ത്തുന്നതിനാലും ഇതിന് സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു.
ഫെബ്രുവരിയില്‍, ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി, റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കിയിരുന്നു. 2020 മെയ് മാസത്തിനു ശേഷമുള്ള ആദ്യത്തെ കുറവും രണ്ടര വര്‍ഷത്തിനു ശേഷമുള്ള ആദ്യ പരിഷ്‌കരണവുമായിരുന്നു ഇത്.
എംപിസിയുടെ 54-ാമത് യോഗം, അതായത് നിരക്ക് നിശ്ചയിക്കുന്ന പാനല്‍, ഏപ്രില്‍ 7 ന് ചര്‍ച്ചകള്‍ ആരംഭിക്കും, ഏപ്രില്‍ 9 ന് തീരുമാനം പ്രഖ്യാപിക്കും.
2023 ഫെബ്രുവരി മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്ക് (ഹ്രസ്വകാല വായ്പാ നിരക്ക്) 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു. കോവിഡ് കാലത്താണ് (മെയ് 2020) ആര്‍ബിഐ അവസാനമായി നിരക്ക് കുറച്ചത്. അതിനുശേഷം അത് ക്രമേണ 6.5 ശതമാനമായി ഉയര്‍ത്തി.
ലോകമെമ്പാടുമുള്ള സമ്പദ്വ്യവസ്ഥയ്ക്കുള്ളില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ആഴ്ച ആര്‍ബിഐ റിപ്പോ നിരക്ക് പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് പറഞ്ഞു.
യുഎസ് ഏര്‍പ്പെടുത്തിയ പുതിയ താരിഫുകള്‍ വളര്‍ച്ചാ സാധ്യതകളിലും കറന്‍സിയിലും ചില സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു.ഇത് സമ്പദ്വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ചുള്ള സാധാരണ വിലയിരുത്തലിനപ്പുറം എംപിസി പരിഗണിക്കേണ്ട ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പണപ്പെരുപ്പ സാധ്യതകള്‍ അനുകൂലവും ലിക്വിഡിറ്റി സ്ഥിരവുമായതിനാല്‍ ഇത്തവണ റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് കൂടി കുറയ്ക്കുന്നതിനുള്ള സാഹചര്യങ്ങള്‍ നിലവിലുണ്ട്. വര്‍ഷത്തില്‍ കൂടുതല്‍ നിരക്ക് കുറവുകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്’, സബ്‌നാവിസ് പറഞ്ഞു.
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏകദേശം 60 രാജ്യങ്ങള്‍ക്ക് 11 മുതല്‍ 49 ശതമാനം വരെ പരസ്പര താരിഫ് ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏപ്രില്‍ 2 ന് പ്രഖ്യാപിച്ചു. ഏപ്രില്‍ 9 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കയറ്റുമതിയില്‍ ഇന്ത്യയുമായി മത്സരിക്കുന്ന ചൈന, വിയറ്റ്‌നാം, ബംഗ്ലാദേശ്, കംബോഡിയ, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ന്ന തീരുവ നേരിടുന്നതിനാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളികളും അവസരങ്ങളുമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
വരാനിരിക്കുന്ന യോഗത്തില്‍ എംപിസി നിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നും അതേസമയം നിഷ്പക്ഷ നിലപാട് തുടരുമെന്നും റേറ്റിംഗ് ഏജന്‍സിയായ ഇക്ര പ്രതീക്ഷിക്കുന്നു.
അതേസമയം ഈ ഘട്ടത്തില്‍ നിരക്ക് കുറയ്ക്കുന്നതിന് പകരം കാത്തിരുന്ന് കാണാം എന്ന നിലപാടാണ് വ്യവസായ സംഘടനയായ അസോചം സ്വീകരിക്കുന്നത്.
Jobbery.in
Now loading...