
Now loading...
ഒരു ഇന്ത്യൻ വ്യവസായിയുടെ പേര് പറയാൻ പറയുമ്പോൾ ആദ്യം മനസിലേക്ക് ഓടിവരുന്നയാൾ ടാറ്റയായിരിക്കും. ടാറ്റ ഗ്രൂപ്പെന്നാൽ പലർക്കും രത്തൻടാറ്റയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ടാറ്റ ഗ്രൂപ്പിന്റെല ബ്രാൻഡിൽ പുറത്തിറങ്ങുമ്പോൾ രത്തൻ ടാറ്റ വിൽപ്പനയ്ക്ക് വയ്ക്കാത്ത ഒന്നേ ഉണ്ടായിരുന്നുള്ളൂ സഹജീവി സ്‌നേഹം. അത് മനുഷ്യനോടും മൃഗങ്ങളോടും ഒരുപോലെ കാണിച്ചു.
ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങി നിരവധി മേഖലകളിലെ തൻറെ പ്രവർത്തനത്തിലൂടെ ദശലക്ഷക്കണക്കിന് പേരെയാണ് രത്തൻ ടാറ്റയും ട്രസ്റ്റും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. തൻറെ സമ്പത്തിൻറെ 66 ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരുന്നു രത്തൻ ടാറ്റ വിനിയോഗിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഓർഗനൈസേഷനുകളിലൊന്നാണ് ടാറ്റ ട്രസ്റ്റുകൾ. മരിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം തന്റെ പേരിലുള്ള കോടിക്കണക്കിന് മൂല്യം വില വരുന്ന സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. അതിനായി വിൽപത്രവും തയ്യാറാക്കി അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ചെയ്യാനായി നാല് പേരെയും ചുമതലപ്പെടുത്തി. അഭിഭാഷകനായ ഡാരിയസ് ഖംബത,സുഹൃത്ത് മെഹ്ലി മിസ്ട്രി,അർദ്ധ സഹോദരിമാരായ ഷിറീൻ, ജെജീഭോയ് എന്നിവരാണവർ. രത്തൻ ടാറ്റയുടെ അമ്മ സൂനിയുടെ നേവൽ ടാറ്റയുമായുള്ള വിവാഹ മോചനത്തിന് ശേഷം രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലെ സഹോദരിമാരാണ്.
2024 ലെ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം 7,900 കോടി രൂപയാണ് രത്തൻ ടാറ്റയുടെ ആസ്തി മൂല്യം.പ്രൈവറ്റ് മാർക്കറ്റ് ഡാറ്റ കമ്പനിയായ ട്രാക്‌സനിലെ കണക്ക് പ്രകാരം 45 സ്റ്റാർട്ടപ്പുകളിൽ രത്തൻ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. ഒല, പേടിഎം, ഇക്കോമേഴ്‌സ് ഫർണിച്ചർ കമ്പനിയായ അർബൻ ലാഡർ, ലെൻസ്‌കാർട്ട്, ഹെൽത്ത്, ഫിറ്റനസ് പ്ലാറ്റ്‌ഫോമായ ക്യുയർഫിറ്റ്, അർബൻ കമ്പനി തുടങ്ങിയവയിൽ രത്തൻ ടാറ്റയ്ക്ക് നിക്ഷേപമുണ്ട്. ഇത്രയും സ്വത്തുക്കൾ ആർക്കൊക്കെ വിതരണം ചെയ്യണമെന്നാണ് വിൽപത്രത്തിൽ ടാറ്റ വ്യക്തമാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ വിൽപ്പത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം പുറത്ത് വന്നിരിക്കുകയാണ്. തന്റെ സ്വത്തിൽ നിന്നും 500 കോടി രൂപ മോഹിനി മോഹൻ ദത്ത എന്നയാൾക്ക് നൽകാനാണ് ടാറ്റ പറഞ്ഞിരിക്കുന്നത്. ജാർഖണ്ഡിലെ ജംഷഡ്പൂരിലെ ഒരു സംരംഭകയാണ് മോഹിനി മോഹൻ ദത്ത. മോഹിനി മോഹൻ ദത്ത സ്റ്റാലിയൻ എന്ന ട്രാവൽ ഏജൻസിയുടെ ഉടമയായിരുന്നു. 2013 ൽ, ഇത് താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ അനുബന്ധ സ്ഥാപനമായ താജ് സർവീസസുമായി ലയിച്ചു. സ്റ്റാലിയനിൽ മോഹിനി മോഹൻ ദത്തയും കുടുംബവും 80 ശതമാനം ഓഹരികൾ കൈവശം വച്ചിരുന്നു; ബാക്കി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നു. മോഹിനി മോഹൻ ദത്ത രത്തൻ ടാറ്റയുടെ അസോസിയേറ്റായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് പരിചിതയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
ജംഷഡ്പൂരിലെ ഡീലേഴ്‌സ് ഹോട്ടലിൽ വച്ചാണ് രത്തൻ ടാറ്റയെ ആദ്യമായി കാണുന്നതെന്നും, അന്ന് അദ്ദേഹത്തിന് 24 വയസായിരുന്നുവെന്നും, അന്നുമുതൽ 60 വർഷമായി പരസ്പരം അറിയാമെന്നും ദത്ത, 2024 ഒക്ടോബറിൽ ടാറ്റയുടെ ശവസംസ്‌കാര ചടങ്ങിൽ പറഞ്ഞിരുന്നു. 2024 ഡിസംബറിൽ എൻസിപിഎയിൽ നടന്ന രത്തൻ ടാറ്റയുടെ ജന്മദിന ആഘോഷ ചടങ്ങുകളിലും അദ്ദേഹം ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു. അതേസമയം മോഹിനി മോഹൻ ദത്തയുടെ ചിത്രങ്ങളൊന്നും തന്നെ പുറത്ത് വന്നിട്ടില്ല.
Now loading...