April 6, 2025
Home » ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു Jobbery Business News New

ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു. ഇരു രാജ്യങ്ങളുടെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ കരാറിന് ഏറെ പ്രാധാന്യമുണ്ട്.

പ്രധാനമന്ത്രി മോദിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകേയും തമ്മില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്ന് ഒപ്പുവച്ച ഏഴ് പ്രധാന കരാറുകളില്‍ ഒന്നാണ് പ്രതിരോധ കരാര്‍. തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നീക്കമായാണ് ഈ കരാര്‍ വിലയിരുത്തപ്പെടുന്നത്.

‘ഞങ്ങളുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ സമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഇരു രാജ്യങ്ങളുടെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു,’ മോദി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി ശ്രീലങ്കയുടെ പ്രദേശം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് ഉറപ്പ് നല്‍കിയതായി ദിസനായകെ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.ശ്രീലങ്കയ്ക്ക് ഇന്ത്യ നല്‍കുന്ന സഹായവും തുടര്‍ച്ചയായ ഐക്യദാര്‍ഢ്യവും വളരെയധികം വിലമതിക്കുന്നുവെന്ന്് മോദിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ട്രിങ്കോമാലി ഒരു ഊര്‍ജ്ജ കേന്ദ്രമായി വികസിപ്പിക്കുക എന്നതായിരുന്നു ഇരു രാജ്യങ്ങളും ഒപ്പുവച്ച മറ്റൊരു പ്രധാന കരാര്‍. പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ദിസനായകെയും ചേര്‍ന്ന് സാംപൂര്‍ സൗരോര്‍ജ്ജ പദ്ധതി വെര്‍ച്വലായി ഉദ്ഘാടനം ചെയ്തു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഗ്രിഡ് ഇന്റര്‍-കണക്ടിവിറ്റി കരാര്‍ ശ്രീലങ്കയ്ക്ക് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ തുറക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ അയല്‍പക്കം ആദ്യം എന്ന നയത്തിലും ‘മഹാസാഗര്‍’ എന്ന ദര്‍ശനത്തിലും ശ്രീലങ്കയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ദിസനായകെയുടെ ഇന്ത്യാ സന്ദര്‍ശനത്തിനുശേഷം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ചരിത്രപ്രസിദ്ധമായ സ്വാതന്ത്ര്യ സ്‌ക്വയറില്‍ മോദിക്ക് ആചാരപരമായ സ്വീകരണം നല്‍കി, ഒരു വിദേശ നേതാവിന് നല്‍കുന്ന ആദ്യ ബഹുമതിയാണിത്. ദേശീയ ദിനാഘോഷങ്ങളുടെ വേദിയായ സ്‌ക്വയറിലാണ് പ്രസിഡന്റ് ദിസനായകെ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *