Now loading...
ഇന്ത്യാ-പാക് വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിക്കുന്നതില്‍ യുഎസിന് പങ്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞത്. കൂടാതെ യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാഷത്തിനിടെ പറഞ്ഞു. ട്രംപിന്റെ ആവശ്യപ്രകാരമായിരുന്നു ഫോണ്‍ സംഭാഷണം. സംഭാഷണം 35 മിനിറ്റ് നീണ്ടുനിന്നു.
‘ഒരു ഘട്ടത്തിലും, ഒരു തലത്തിലും, യുഎസ്-ഇന്ത്യ വ്യാപാര കരാറിനെക്കുറിച്ചോ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള മധ്യസ്ഥതയെക്കുറിച്ചോ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനോട് വ്യക്തമായി പറഞ്ഞു’. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു,
‘സൈനിക നടപടി അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ട് ഇരു സൈന്യങ്ങള്‍ക്കുമിടയില്‍ സ്ഥാപിച്ചിട്ടുള്ള നിലവിലുള്ള ചാനലുകള്‍ പ്രകാരം നടന്നതായി പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇത് ചെയ്തത്,’ മിസ്രി കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തലിന് താന്‍ മധ്യസ്ഥത വഹിച്ചെന്നും വ്യാപാരം വിച്ഛേദിക്കുമെന്ന ഭീഷണി രാജ്യങ്ങളെ ശത്രുത അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കി എന്നും ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയതിനാല്‍ ജി 7 ഉച്ചകോടിക്കിടെ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച നടന്നില്ല. ഫോണിലൂടെ പ്രധാനമന്ത്രി മോദി ട്രംപിന് ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് വിശദീകരിച്ചു.
മെയ് 9 ന് രാത്രിയില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ വലിയ തോതിലുള്ള ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രി മോദി വെളിപ്പെടുത്തി. പ്രകോപനമുണ്ടായാല്‍ കൂടുതല്‍ ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നതായും മോദി ട്രംപിനോട് പറഞ്ഞു.
ഭാവിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനോട് ഉറച്ചു പറഞ്ഞു.
‘കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. അംഗീകരിക്കുന്നില്ല, ഒരിക്കലും അംഗീകരിക്കുകയുമില്ല,’ മോദി പറഞ്ഞു. ഈ വിഷയത്തില്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായ രാഷ്ട്രീയ സമവായമുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. കാനഡയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പ്രധാനമന്ത്രി മോദിക്ക് അമേരിക്കയില്‍ വരാന്‍ കഴിയുമോ എന്ന് പ്രസിഡന്റ് ട്രംപ് ഫോണില്‍ ചോദിച്ചു. എന്നിരുന്നാലും, മുന്‍കൂര്‍ പ്രതിബദ്ധതകള്‍ കാരണം അങ്ങനെ ചെയ്യാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചു.
Jobbery.in
Now loading...