തിരുവനന്തപുരം:ബാബ ആറ്റമിക് റിസർച്ച് സെന്ററിനു കീഴിലുള്ള റേഡിയേഷൻ മെഡിക്കൽ സെന്ററിൽ 2വർഷ എംഎസ്‌സി കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി പ്രോഗ്രാമിലേക്ക് ബിഫാം ബിരുദധാരികൾക്കും ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ചശേഷം, കെമിസ്ട്രി ഒരു വിഷയമായിപ്പഠിച്ച് ബിഎസ്‌സി ബിരുദമെടുത്തവർക്കും അപേക്ഷിക്കാം. മുംബൈ ഹോമിഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തുന്ന കോഴ്‌സാണിത്. രണ്ടു പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക്, യോഗ്യതാ പ്രോഗ്രാമിൽ സയൻസ് വിഷയങ്ങൾക്ക് 60 ശതമാനം മാർക്ക് മൊത്തത്തിൽ വേണം. വിദൂര പഠനത്തിലൂടെ ലഭിച്ച ബിരുദം പരിഗണിക്കുന്നതല്ല. നോൺ സ്പോൺസേഡ് വിഭാഗക്കാർക്ക് പ്രതിമാസം 18,500 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. കോഴ്‌സ് ഫീസ് ഇല്ല. എന്റോൾമെന്റ് ഫീസ് 11,000 രൂപയും കോഷൻ ഡിപ്പോസിറ്റ് 2000 രൂപയും അടയ്ക്കണം. സ്പോൺസർഷിപ്പ് വ്യവസ്ഥകൾ വിജ്ഞാപനത്തിൽ ലഭ്യമാണ്. പ്രവേശനത്തിന് രണ്ടു പ്രോഗ്രാമുകൾക്കുമായുള്ള കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) ഉണ്ടാകും. 2024 ഡിസംബർ 15ന് മുംബൈയിൽ വെച്ചാണ് കാറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവയിൽ നിന്ന് പ്ലസ്‌ടു നിലവാരമുള്ള 150 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. യോഗ്യത നേടാൻ 50 ശതമാനം മാർക്ക് നേടണം. യോഗ്യത നേടുന്നവർക്ക് തുടർന്ന് കൗൺസലിങ് സെഷൻ ഉണ്ടായിരിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 25 ആണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://recruit.barc.gov.in സന്ദദേശിക്കുക.
Home » എംഎസ്‌സി ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജി ആൻഡ് ഹോസ്പിറ്റൽ റേഡിയോ ഫാർമസി കോഴ്സ്: 18,500 രൂപ സ്റ്റൈപ്പൻഡ്