എന്താണ് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി? വിശദാംശങ്ങള്‍ അറിയാം Jobbery Business News

അമൃത് ഭാരത് പദ്ധതി പ്രകാരം പുനര്‍വികസിപ്പിച്ച 103 റെയില്‍വേ സ്റ്റേഷനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 18 സംസ്ഥാനങ്ങളിലെ 86 ജില്ലകളിലായാണ് ഇവ. മുംബൈയിലെ ബാന്ദ്ര ടെര്‍മിനസിനും രാജസ്ഥാനിലെ ബിക്കാനീര്‍ സ്റ്റേഷനും ഇടയില്‍ ഒരു പുതിയ പ്രതിവാര ട്രെയിന്‍ സര്‍വീസും അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു.

ബിക്കാനീറില്‍ നിന്ന് ഏകദേശം 30 കിലോമീറ്ററും പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 200 കിലോമീറ്ററും അകലെയുള്ള ദേഷ്നോക്കിലെ കര്‍ണി മാതാ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമായിരുന്നു ഉദ്ഘാടനം.

1,100 കോടി രൂപയിലധികം ചെലവില്‍ പുനര്‍നിര്‍മ്മിച്ച 103 സ്റ്റേഷനുകളില്‍ രണ്ട് എണ്ണം കേരളത്തിലാണ്. ഏറ്റവുമധികം സ്റ്റേഷനുകള്‍ ഉത്തര്‍പ്രദേശ് (19), ഗുജറാത്ത് (18), മഹാരാഷ്ട്ര (15)യിലുമാണ്. തമിഴ്‌നാട്ടില്‍ ഒന്‍പത് സ്റ്റേഷനുകള്‍ളും ഉണ്ട്.

പദ്ധതി പ്രകാരം പുനര്‍വികസനത്തിനായി ആകെ 1,300 സ്റ്റേഷനുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 157 എണ്ണം ഉത്തര്‍പ്രദേശിലും 132 എണ്ണം മഹാരാഷ്ട്രയിലും 101 എണ്ണം പശ്ചിമ ബംഗാളിലുമാണ്.

2022 ല്‍ ആരംഭിച്ച അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി, റെയില്‍വേ സ്റ്റേഷനുകള്‍ മെച്ചപ്പെടുത്തുന്നതിനും അവയെ ‘നഗര കേന്ദ്രങ്ങളായി’ വികസിപ്പിക്കുന്നതിനുമുള്ള ഒരു ദീര്‍ഘകാല പദ്ധതിയാണ്.

പദ്ധതി പ്രകാരം പുനര്‍വികസിപ്പിച്ച സ്റ്റേഷനുകളില്‍, കര്‍ണി മാതാ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും സേവനം നല്‍കുന്ന ദേഷ്നോക്ക് റെയില്‍വേ സ്റ്റേഷന്‍, ക്ഷേത്ര വാസ്തുവിദ്യയില്‍ നിന്ന് വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടതാണ്.

തെലങ്കാനയിലെ ബീഗംപേട്ട് റെയില്‍വേ സ്റ്റേഷന്‍, കാകതീയ സാമ്രാജ്യത്തിന്റെ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍, ബീഹാറിലെ താവെ സ്റ്റേഷനില്‍ മധുബനി ചിത്രങ്ങള്‍ ചിത്രീകരിക്കുന്ന ചുവര്‍ച്ചിത്രങ്ങളും കലാസൃഷ്ടികളും ഉണ്ട്.

പുനര്‍വികസിപ്പിച്ച സ്റ്റേഷനുകളില്‍ എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍, കാത്തിരിപ്പ് ഹാളുകള്‍, ടോയ്ലറ്റുകള്‍, പ്ലാറ്റ്ഫോമുകള്‍, മേല്‍ക്കൂര തുടങ്ങിയ വിവിധ സൗകര്യങ്ങളുണ്ട്. ഇതോടൊപ്പം, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, സൗജന്യ വൈ-ഫൈ എന്നിവ ആവശ്യമുള്ളിടത്തെല്ലാം ചേര്‍ത്തിട്ടുണ്ട്. ചില സ്റ്റേഷനുകളില്‍ എക്‌സിക്യൂട്ടീവ് ലോഞ്ചുകളും ബിസിനസ് മീറ്റിംഗുകള്‍ക്കായി പ്രത്യേക ഏരിയകളും ഉണ്ടായിരിക്കും. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *