May 4, 2025
Home » എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടി New

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലം മെയ് 9ന് പ്രഖ്യാപിക്കും. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം വിജയശതമാനം കൂടുമെന്നാണ് സൂചന. ഈ വർഷം ആകെ 4,27,021 വിദ്യാർത്ഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. ഇതിൽ ആൺകുട്ടികൾ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റിയാറും (2,17,696) പെൺകുട്ടികൾ രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി മുന്നൂറ്റി ഇരുപത്തിയഞ്ചുമാണ് (2,09,325). സർക്കാർ മേഖലയിൽ ഒരു ലക്ഷത്തി നാൽപത്തി രണ്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (1,42,298) വിദ്യാർത്ഥികളും എയിഡഡ് മേഖലയിൽ രണ്ട് ലക്ഷത്തി അമ്പത്തി അയ്യായിരത്തി തൊണ്ണൂറ്റി രണ്ട് (2,55,092) വിദ്യാർത്ഥികളും അൺ എയിഡഡ് മേഖലയിൽ ഇരുപത്തിയൊമ്പതിനായിരത്തി അറുന്നൂറ്റി മുപ്പത്തിയൊന്ന് (29,631) വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഇത്തവണ ഗൾഫ് മേഖലയിൽ അറുന്നൂറ്റി എൺപത്തി രണ്ട് (682) വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ നാന്നൂറ്റി നാൽപത്തിയേഴ് (447) വിദ്യാർത്ഥികളും പരീക്ഷ എഴുതി.
ഇവർക്ക് പുറമേ ഓൾഡ് സ്‌കീമിൽ 8 കുട്ടികളും പരീക്ഷ എഴുതി. റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാകേന്ദ്രങ്ങളിലായി മൂവായിരത്തി അമ്പത്തിയേഴ് (3,057) കുട്ടികളാണ് പരീക്ഷ എഴുതിയത്. അതിൽ ആൺകുട്ടികൾ രണ്ടായിരത്തി എണ്ണൂറ്റി പതിനഞ്ചും (2,815) പെൺകുട്ടികൾ ഇരുന്നൂറ്റി നാൽപത്തി രണ്ടുമാണ് (242) എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും.
എസ്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി ഇരുന്നൂറ്റിയാറ് (206) വിദ്യാർത്ഥികളും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ്ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണുളളത്. അതിൽ 12 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു. മെയ് മാസം ഒമ്പത് വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *