March 12, 2025
Home » ഒരാഴ്ച കൊണ്ട് 7000 കോടി!; ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും പണം കൂട്ടത്തോടെ പിൻവലിച്ച് വിദേശ നിക്ഷേപകർ; കാരണം ഇതാണ്

ന്യൂയോർക്ക്: പ്രസിഡന്റ് ആയി ട്രംപ് ചുമതലയേറ്റതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അമേരിക്കയിലാണ്. തീർത്തും അപ്രതീക്ഷിതവും ഞെട്ടൽ ഉളവാക്കുന്നതും ആയിരുന്നു ട്രംപിന്റെ വിജയം. അധികാരമില്ലാതിരുന്ന സമയങ്ങളിലും മാദ്ധ്യ വാർത്തകളിൽ ട്രംപ് സ്ഥാനം ഉറപ്പിച്ചിരുന്നു. വിജയിച്ചതിന് ശേഷവും അത് തുടർന്നുവെന്ന് വേണം പറയാൻ. പ്രസിഡന്റ് ആയി ചുമതലയേറ്റതിന് പിന്നാലെ നിരവധി നിർണായക പരിഷ്‌കാരങ്ങൾ ആയിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതുവരെ വലിയ ചർച്ചയായി.

ട്രംപിന്റെ വരവ് ആഗോളതലത്തിൽ ഓഹരി വിപണിയെ കാര്യമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ ഇന്ത്യൻ വിപണിയിലും പ്രകടമായി തന്നെ കാണാം. ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ ട്രംപിന്റെ ചില പ്രഖ്യാപനങ്ങൾ ഇന്ത്യയ്ക്ക് പ്രതികൂലമായി ഭവിച്ചിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ. അടുത്തിടെയായി വിദേശ നിക്ഷേപകർ ഇന്ത്യൻ സ്‌റ്റോക്ക് മാർക്കറ്റിൽ നിന്നും വ്യാപകമായി പണം പിൻവലിക്കുകയാണ്. ട്രംപിന്റെ തീരുമാനം ആയിരുന്നു ഇതിന് കാരണം ആയത്.

കാനഡ, മെക്‌സികോ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന് ചുങ്കം ഏർപ്പെടുത്തിക്കൊണ്ട് അമേരിക്ക പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ സ്‌റ്റോക്ക് മാർക്കറ്റിൽ നിന്നും പണം പിൻവലിക്കാൻ ആരംഭിച്ചത്. ഈ മാസം ഒരു വാരം പിന്നിടുമ്പോൾ 7,300 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചിട്ടുള്ളത്.

വ്യാപരവുമായി ബന്ധപ്പെട്ട ആശങ്കയെ തുടർന്നാണ് നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിക്കുന്നത് എന്നാണ് വിവരം. കഴിഞ്ഞ മാസം ഇന്ത്യൻ മാർക്കറ്റിൽ നിന്നും 78,027 കോടി രൂപയാണ് നിക്ഷേപകർ പിൻവലിച്ചത്. ഡിസംബർ മാസത്തിലെ നിക്ഷേപത്തിലും കുറവ് വന്നിട്ടുണ്ട്. ഡിസംബറിൽ വെറും 15,446 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ മാർക്കറ്റിൽ ഉണ്ടായിരിക്കുന്നത്.

വ്യാപാര ചുങ്കം ഏർപ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനം ആഗോളതലത്തിൽ ആശങ്ക ഉണ്ടാക്കിയതായി മോണിംഗ് സ്റ്റാർ ഇൻവെസ്റ്റ്‌മെന്റ് റിസർച്ച് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ ഹിമാൻഷു ശ്രീവാസ്ത പറഞ്ഞു. മൂന്ന് രാജ്യങ്ങൾക്ക് മേൽ ചുമത്തിയ ചുങ്കം വ്യാപാര യുദ്ധത്തിന് കാരണം ആകുമെന്ന പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. ഈ ആശങ്കയാണ് നിക്ഷേപം വ്യാപകമായി പിൻവലിക്കാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. വിദേശ നിക്ഷേപകർ റിസ്‌ക് എടുക്കാൻ താത്പര്യപ്പെടുന്നില്ല. ഡോളറിനെക്കാൾ രൂപയുടെ മൂല്യം താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതും ഒരു കാരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *