January 11, 2025
Home » കുരുക്കഴിയും; സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട വികസനത്തിന് 18.77 കോടി Jobbery Business News

സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് രണ്ടാംഘട്ട നിര്‍മ്മാണത്തിന് എച്ച്എംടിയുടെ ഭൂമി ലഭിക്കുന്നതിനായി കെട്ടിവെയ്‌ക്കേണ്ട 18,77,27000 രൂപ (പതിനെട്ടു കോടി എഴുപത്തിയേഴ് ലക്ഷത്തി ഇരുപത്തിയേഴായിരം) സര്‍ക്കാര്‍ അനുവദിച്ചു. രണ്ടാംഘട്ട നിര്‍മ്മാണത്തിനായി എച്ച് എം ടിയുടെ 1.6352 ഹെക്ടര്‍ (4.4 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. റോഡ് വികസനത്തിനായി തുക കെട്ടിവെച്ചു ഭൂമി വിട്ടുനല്‍കണമെന്നു സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്‍എഡി (നേവല്‍ ആര്‍മമന്റ് ഡിപ്പോ) യുടെ ഭൂമി ലഭിക്കുന്നതിനുള്ള 23 കോടി രൂപയും ഉടന്‍ അനുവദിക്കുമെന്നു വ്യവസായ വകുപ്പു മന്ത്രി പി.രാജീവ് പറഞ്ഞു.

രണ്ടുഘട്ടങ്ങളിലായി നടപ്പാക്കുന്ന 25.8 കിലോമീറ്റര്‍ സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡിന്റെ ആദ്യഘട്ടം ഇരുമ്പനം മുതല്‍ കളമശേരി വരെയും (11.3 കിമി) രണ്ടാംഘട്ടം കളമശേരി എച്ച്എംടി റോഡ് മുതല്‍ എയര്‍പോര്‍ട്ട് (14.4 കിമി) വരെയുമാണ്. ഇതില്‍ ആദ്യഘട്ടം 2019 ല്‍ പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന 14.4 കിലോമീറ്ററിന്റെ നിര്‍മ്മാണം നാല് സ്‌ട്രെച്ചുകളായാണ് നടപ്പാക്കുന്നത്. എച്ച്എംടി മുതല്‍ എന്‍എഡി വരെയുള്ള ഭാഗം (2.7 കിമി), എന്‍എഡി മുതല്‍ മഹിളാലയം വരെയുള്ള ഭാഗം (6.5 കിമി), മഹിളാലയം മുതല്‍ ചൊവ്വര വരെ (1.015 കിമി), ചൊവ്വര മുതല്‍ എയര്‍പോര്‍ട്ട് റോഡ് വരെ (4.5 കിമി).

ഇതില്‍ എച്ച്എംടി എന്‍എഡി റീച്ചിന്റെ നിര്‍മ്മാണത്തിനായുള്ള ഭൂമിക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ഈ റീച്ചില്‍ എച്ച്എംടിയുടെയും എന്‍എഡിയുടെയും ഉടമസ്ഥതയിലുള്ള സ്ഥലമൊഴികെയുള്ള 1.9 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം 2021 ല്‍ പൂര്‍ത്തിയായി. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുന്നതിനു് ഭൂമിയുടെ വിപണി വില എച്ച്എംടി ആവശ്യപ്പെട്ടു. ഭൂമി സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരേ എച്ച് എം ടി സമര്‍പ്പിച്ച അപ്പീലിന്മേല്‍ നിശ്ചിത തുക കെട്ടിവെച്ച് ഭൂമി വിട്ടുനല്‍കാന്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിട്ടുള്ള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് (ആര്‍ബിഡിസികെ) തുക കെട്ടിവെച്ച് നിര്‍മ്മാണ പ്രവർത്തനങ്ങള്‍ തുടങ്ങാനാകും. എച്ച് എം ടിയുടെ ഭൂമി വിട്ടുനല്‍കണമെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് തുക കെട്ടിവച്ച് നിര്‍മ്മാണം നടത്താന്‍ ആര്‍ബിഡിസികെയ്ക്ക് അനുമതി നല്‍കിയത്. മന്ത്രി പി. രാജീവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് നിര്‍മ്മാണത്തിലുണ്ടായ തടസങ്ങള്‍ പരിഹരിക്കപ്പെട്ടത്.

എന്‍എഡിയില്‍ നിന്ന് 21434 സ്‌ക്വയര്‍ മീറ്റര്‍ (529.6 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ മാര്‍ച്ചില്‍ ഭൂമി അനുവദിച്ച് ഉത്തരവായി. ഇതിന് 23, 11,41,299 രൂപയാണ് ഭൂമി വില നല്‍കേണ്ടത്. റോഡ് വീതികൂട്ടലിനും കോമ്പൗണ്ട് ഭിത്തി നിര്‍മ്മിക്കുന്നതിനും കൂടി ചേര്‍ത്ത് ആകെ 32,26,93,114 രൂപയാണ് വേണ്ടത്. ഈ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *