കുരുമുളക് വില കൂപ്പുകുത്തുന്നു: ഒരാഴ്ചക്കിടെ ക്വിൻറ്റലിന്‌ കുറഞ്ഞത് 1300 രൂപ Jobbery Business News

തണുത്ത കാലാവസ്ഥയും മഴയും കണക്കിലെടുത്ത്‌ ഉത്തരേന്ത്യൻ സുഗന്‌ധവ്യഞ്‌ന വാങ്ങലുകാർ രംഗത്ത്‌ നിന്നും താൽകാലികമായി അകന്നു. ചരക്ക്‌ നീക്കത്തിനിടയിൽ മഴ മൂലം ഉൽപ്പന്നങ്ങളുടെ ഗണമേൻമയെ ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള നീക്കം സ്വാഭാവികം മാത്രം. അതേ സമയം ഇകാരണം അവസരമാക്കി വില ഇടിക്കാനുള്ള ശ്രമങ്ങളും വിപണിയിൽ അരങ്ങേറുന്നുണ്ട്‌. ഇടുക്കി, വയനാട്‌, പത്തനംതിട്ട, കൊല്ലാം ഭാഗങ്ങളിൽ നിന്നുള്ള കർഷകരും മദ്ധ്യവർത്തികളും കനത്ത മഴ മുൻ നിർത്തി ഉൽപ്പന്നങ്ങൾ പത്തായങ്ങളിലും മറ്റ്‌ സുരക്ഷിത സ്ഥലങ്ങളിലും തണുപ്പ്‌ തട്ടാതെ സൂക്ഷിക്കുകയാണ്‌. കുരുമുളകിന്‌ ഈർപ്പം വന്നാൽ ജലാംശതോത്‌ ഉയരുമെന്ന്‌ മാത്രമല്ല, പൂപ്പൽ ബാധ്യയ്ക്കുള്ള സാധ്യതകളും കർഷകർ മുന്നിൽ കാണുന്നു. അതേ സമയം പിന്നിട്ട എട്ട്‌ പ്രവർത്തി ദിനങ്ങളിൽ കുരുമുളക്‌ വില ക്വിൻറ്റലിന്‌ 1300 രൂപ കുറഞ്ഞ്‌ 65,600 രൂപയായി. എന്നാൽ 200 ടണ്ണിൽ കുറവ്‌ ചരക്ക്‌ മാത്രമാണ്‌ ഈകാലയളവിൽ കൊച്ചിയിൽ വിൽപ്പനയ്‌ക്ക്‌ ഇറങ്ങിയത്‌. ഓഫ്‌ സീസണിൽ, വരവ്‌ ചുരുങ്ങിയഘട്ടത്തിൽ നിരക്ക്‌ ഇത്തരത്തിൽ ഇടിയുന്നതിനെ കാർഷിക മേഖല സംശയ ദൃഷ്‌ടിയോടെയാണ്‌ വീക്ഷിക്കുന്നത്‌.

രാജ്യാന്തര റബർ അവധി വ്യാപാര രംഗം ഇടപാടുകളുടെ ആദ്യ പകുതിയിൽ സജീവമായിരുന്നു. ജപ്പാൻ, സിംഗപ്പൂർ, ചൈനീസ്‌ മാർക്കറ്റുകളിൽ നിക്ഷേപകർ കാണിച്ച ഉത്സാഹം റബറിനെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലേയ്‌ക്ക്‌ കൈപിടിച്ച്‌ ഉയർത്തി. ജപ്പാൻ ഒസാക്ക വിപണിയിൽ കിലോ 300 യെന്നിലെ പ്രതിരോധവും കടന്ന്‌ 305 യെൻ വരെ കയറിയെങ്കിലും ഓപ്പറേറ്റർമാർ ലാഭമെടുപ്പിന്‌ നീക്കം നടത്തിയത്‌ ക്ലോസിങിൽ അൽപ്പം തളർത്തി. ക്രൂഡ്‌ ഓയിൽ വിലയിലെ ചാഞ്ചാട്ടം റബർ ഇടപാടുകാരുടെ മനസിലും ചാഞ്ചാട്ടമുളവാക്കിയത്‌ ലാഭമെടുപ്പിന്‌ പ്രേരിപ്പിച്ചു. അടുത്ത തിങ്കളാഴ്‌ച്ച വരെ കനത്ത മഴയാണ്‌ തായ്‌ കാലാവസ്ഥ വിഭാഗം അവിടെ പ്രവചിച്ചത്‌ റബർ ഉൽപാദനത്തെ ബാധിക്കും. അതേ സമയം അമേരിക്കൻ തരീഫ്‌ വിഷയങ്ങൾ മൂലം ജപ്പാനിൽ നിന്നുള്ള കയറ്റുമതി പിന്നിട്ട എട്ട്‌ മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലേയ്‌ക്ക്‌ നീങ്ങിയത്‌ സാമ്പത്തിക രംഗത്ത്‌ മ്ലാനത പരത്തുന്നു. വാഹന കയറ്റുമതിയിലെ തളർച്ച റബറിലും പ്രതിഫലിക്കും. സംസ്ഥാനത്ത്‌ നാലാം ഗ്രേഡ്‌ 19,900 ലും അഞ്ചാം ഗ്രേഡ്‌ 19,600 രൂപയിലുമാണ്‌.

ഒരു വിഭാഗം സ്‌റ്റോക്കിസ്‌റ്റുകൾ ഏലക്ക വിറ്റുമാറാൻ ഉത്സാഹിച്ചു. വണ്ടൻമേട്ടിൽ നടന്ന ഏലക്ക ലേലത്തിൽ 41,092 കിലോഗ്രാം ചരക്ക്‌ വിൽപ്പനയ്‌ക്ക്‌ എത്തിയതിൽ 40,882 കിലോയും കയറ്റുമതിക്കാരും ഉത്തരേന്ത്യൻ വാങ്ങലുകാരും ചേർന്ന്‌ ശേഖരിച്ചത്‌ ഉൽപ്പന്നത്തിന്‌ താങ്ങായി. കാലാവസ്ഥ കണക്കിലെടുത്താൽ അടുത്ത മാസം ചില ഭാഗങ്ങളിൽ വിളവെടുപ്പ്‌ ഊർജിതമാവുമെന്ന്‌ കർഷകർ. വിദേശ വിപണിയിൽ പ്രീയമേറിയ വലിപ്പം കൂടിയിനങ്ങൾ കിലോ 3097 രൂപയിലും ശരാശരി ഇനങ്ങൾ 2508 രൂപയിലും കൈമാറി.

ഇന്നത്തെ കമ്പോള നിലവാരം 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *