യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോച്ചുകളില്‍ എഐ ക്യാമറകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 40,000 കോച്ചുകളിലായി 75 ലക്ഷം സി.സി.ടി.വികളാണ് സ്ഥാപിക്കുക.
പദ്ധതിക്ക് 15,000 മുതല്‍ 20,000 കോടി രൂപ വരെ ചെലവാകുമെന്നാണ് സൂചന. ഇതിനായി റെയില്‍വേ ടെണ്ടര്‍ ക്ഷണിച്ചു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ 1,200 കോടി രൂപ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്കാണ് ടെണ്ടര്‍ നടപടികളില്‍ പങ്കെടുക്കാന്‍ കഴിയുക.
800 ക്യാമറകള്‍ അടങ്ങുന്ന സി.സി.ടി.വി നിരീക്ഷണ സംവിധാനം ഒരുക്കി പരിചയം വേണമെന്നും നോട്ടീസില്‍ പറയുന്നു. ഓരോ കോച്ചിലും ആറ് ക്യാമറകള്‍ വീതമാണ് സ്ഥാപിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക കോച്ചില്‍ എട്ട് വീതം ക്യാമറകളുണ്ടാകും. ഗാര്‍ഡ് റൂമിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാനാകും വിധമായിരിക്കും ക്യാമറകളുടെ വിന്യാസം. ഓരോ കോച്ചിലും ലോക്കോ പൈലറ്റിന് നിരീക്ഷിക്കാവുന്ന തരത്തില്‍ നാല് ക്യാമറകളുണ്ടാകും. കൂടാതെ ട്രെയിനിന് മുന്നിലും ഹൈ റെസല്യൂഷന്‍ ക്യാമറകള്‍ സ്ഥാപിക്കും. ട്രാക്കില്‍ കാണപ്പെടുന്ന വസ്തുവിനെ എ.ഐ സഹായത്തോടെ കൃത്യമായി തിരിച്ചറിയാനും അതിനെ ട്രാക്ക് ചെയ്യാനും ആവശ്യമെങ്കില്‍ സുരക്ഷിതമായ ദൂരത്തില്‍ വച്ച് ബ്രേക്ക് ചെയ്യാനുള്ള നിര്‍ദ്ദേശം ലോക്കോ പൈലറ്റിന് നല്‍കാനും പുതിയ സംവിധാനത്തിന് കഴിയും. വലിയൊരു കമ്പനിക്ക് മുഖ്യ കരാര്‍ നല്‍കിയ ശേഷം ഉപകരാറുകളിലൂടെ വളരെ വേഗത്തില്‍ സി.സി.ടി.വി വിന്യാസം പൂര്‍ത്തീകരിക്കാനാണ് റെയില്‍വേയുടെ നീക്കം.
Jobbery.in