January 10, 2025
Home » ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം 

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന സ്ഥാപനത്തിലേക്ക് ആകർഷിക്കുക എന്ന കച്ചവട തന്ത്രമാണ് സ്കൂൾ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലെന്ന് സൂചന. പരീക്ഷ ചോദ്യങ്ങൾ ‘തെറ്റാതെ പ്രവചിക്കുന്ന’ ചാനൽ ലക്ഷക്കണക്കിന് കുട്ടികൾ സബ്സ്ക്രൈബ് ചെയ്യുകയും തുടർന്ന് ഇവരിൽ നിന്ന് വലിയ തുക ഈടാക്കി ഷുവർ മാർക്ക്‌ അല്ലങ്കിൽ ഷുവർ പാസ്സ് എന്ന വാഗ്ദാനം നൽകി ഓൺലൈൻ ട്യൂഷൻ വഴി ലക്ഷങ്ങളുടെ കച്ചവടം നടത്തുകയുമാണ് ചെയ്യുന്നത്. ചോദ്യപേപ്പർ ചോർത്തി നൽകാൻ ബന്ധപ്പെട്ടവർക്ക് വലിയ തുക പ്രതിഫലമായി നൽകുന്നതാണ് സൂചന. സ്വകാര്യ ട്യൂഷന്‍ സെന്‍ററുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പരീക്ഷയ്ക്ക് മണിക്കൂറുകൾക്ക് മുൻപോ തലേ ദിവസമോ ആണ്   “ചോദ്യങ്ങളുടെ പ്രവചനം” എന്ന തരത്തിൽ  പരീക്ഷാ ചോദ്യപ്പേപ്പറിലെ പകുതിയോളം  ചോദ്യങ്ങൾ പുറത്ത് വിടുന്നത്. ഈ ചോദ്യങ്ങൾ പിന്തുടരുന്ന കുട്ടികൾക്ക് പരീക്ഷ എളുപ്പമാകുന്നതോടെ മറ്റു കുട്ടികളും  ഈ സ്ഥാപനത്തിൽ വലിയ തുക നൽകി ചേരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കച്ചവട തന്ത്രത്തിനായാണ് പരീക്ഷ ചോദ്യങ്ങൾ ചോർത്തുന്നത് എന്നാണ് സൂചന. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ചോദ്യങ്ങൾ ചോർന്നത് വിവാദമായിരുന്നു. സ്കൂളിൽ മികച്ച നിലവാരത്തിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും പരീക്ഷ കഠിനമാകുമ്പോൾ അരമണിക്കൂർ നീളുന്ന ഇത്തരം ” പ്രവചന ചോദ്യങ്ങൾ” യുട്യൂബ്, വാട്സ്ആപ്പ് ചാനൽ വഴി കാണുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ ലളിതവുമാകുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ തച്ചുടയ്ക്കുന്ന ട്യൂഷൻ കച്ചവട  മാഫിയയാണ് സംഭവത്തിന്‌ പിന്നിലെന്ന് പരാതിയുണ്ട്. അധ്യാപക സംഘടനങ്ങൾ അടക്കം ഇതിനെതിരെ രംഗത്ത് വന്നു. സംഭവത്തിൽ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *