March 12, 2025
Home » ജനദ്രോഹബജറ്റ്; ഖജനാവ് നിറയ്ക്കാൻ ഭൂനികുതിയിൽ 50 ശതമാനം വർധനവ്,കേസ് കൊടുക്കാൻ പോലും കീശചോരും

മൂന്നാം മോദിസർക്കാരിന്റെ രണ്ടാം കേന്ദ്രബജറ്റിന് പിന്നാലെ വരുന്ന സംസ്ഥാന ബജറ്റായതിനാൽ ഏറെ പ്രതീക്ഷയോടെ പ്രഖ്യാപനങ്ങൾക്കായി കാത്തിരുന്ന സാധാരമക്കാരന് തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പിനും, നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് കരുതിയവർക്ക് തെറ്റിയെന്നാണ് പുറത്തുവരുന്ന വിശകലനങ്ങൾ സൂചിപ്പിക്കുന്നത്.

സാധാരണക്കാരന് മേൽ കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ട് ഭൂനികുതി കുത്തനെ കൂട്ടിയിരിക്കുകയാണ്. ഖജനാവിലേക്ക് അധികവരുമാനം ലക്ഷ്യമിട്ട് നടത്തിയ ഈ തീരുമാനം എന്തായാലും വരും ദിവസങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കും. ഭൂനികുതി സ്ലാബുകൾ അമ്പതുശതമാനമാണ് വർദ്ധിപ്പിച്ചത്. അടിസ്ഥാന നികുതി ഏറ്റവും കുറഞ്ഞ സ്ലാബ് നിരക്കായ ഒരു ആറിന് (2.47 സെന്റ്) അഞ്ച് രൂപ എന്നുള്ളത് ഏഴര രൂപയായി മാറും. ഉയർന്ന സ്ലാബ് നിരക്കായ ഒരു ആറിന് 30 രൂപ എന്നുള്ളത് 45 രൂപയായും മാറും. പഞ്ചായത്ത് പ്രദേശങ്ങളിൽ 8.1 ആർ വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള നികുതി നിരക്ക് ബാധകമാവുന്നത്. ഉൾപ്പെടുന്ന 8.1 ആറിന് മുകളിൽ വിസ്തൃതിയുള്ള ഭൂമിക്ക് ഒരു ആറിന് പ്രതിവർഷം 8 രൂപയായിരുന്നത് 12 രുപയായിട്ട് വർദ്ധിപ്പിച്ചു.

മുനിസിപ്പൽ കൗൺസിൽ പ്രദേശങ്ങളിൽ 2.43 ആർ വരെയുള്ള ഭൂമിക്ക് 10 രൂപ നിരക്കിലായിരുന്നത് ഇനി മുതൽ 15 രൂപയായിരിക്കും നികുതി. 2.43 ആറിന് മുകളിലുള്ള ഭൂമിക്ക് 15 രൂപയായിരുന്നത് ഇനി മുതൽ 22.50 രൂപാ നിരക്കിലായിരിക്കും. മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ 1.62 ആർ വരെയുള്ള ഭൂമിക്ക് 20 രൂപയായിരുന്നത് 30 രൂപയായിട്ടും, 1.62 ആറിന് മുകളിലുള്ള ഭൂമിക്ക് 30 രൂപയായിരിക്കുന്ന നിരക്ക് 45 രൂപയായിട്ടുമായിരിക്കും കൂട്ടുക. ഭൂനികുതി വർദ്ധനവിലൂടെ 100 കോടിയുടെ അധികവരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കോടതി ഫീസിലും കാര്യമായ വർദ്ധനവ് വരുത്തിയിട്ടുണ്ട്. വിഭവസമാഹരണത്തിന്റെ ഭാഗമായാണ് കോടതി ഫീസുകൾ വർധിപ്പിച്ചതെന്നാണ് ധനമന്ത്രി കെ. എൻ ബാലഗോപാൽ വ്യക്തമാക്കിയിരിക്കുന്നത്.സംസ്ഥാനത്തെ ചെക്ക് കേസുകൾക്കായുള്ള കോടതി ഫീസ് നിലവിൽ 10 രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വർധിപ്പിച്ചു. നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കിൽ 250 രൂപയാകും കോടതി ഫീസ്. 10,000 രൂപ മുതൽ മൂന്ന് ലക്ഷം വരെയാണെങ്കിൽ ചെക്കിലെ തുകയുടെ അഞ്ച് ശതമാനമാകും കോടതി ഫീസ്. ഇത്തരം കേസുകളിൽ അപ്പീൽ നൽകുന്നതിനുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. കുറ്റാരോപിതൻ സെഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമ്പോൾ 1,000 രൂപയാണ് ഫീസ് നൽകേണ്ടിവരിക. പരാതിക്കാരൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയാണെങ്കിൽ വിചാരണക്കോടതിയിൽ നൽകിയ ഫീസിന്റെ പകുതി തുകയും ഫീസായി നൽകേണ്ടിവരും. ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷനാണ് ഫയൽ ചെയ്യുന്നതെങ്കിൽ പരാതിക്കാരൻ ചെക്ക് തുകയുടെ 10 ശതമാനം കോടതി ഫീസായി അടയ്ക്കണം. ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതൻ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുമ്പോൾ നൽകേണ്ട കോടതി ഫീസ് 1,500 രൂപയായും ഉയർത്തിയിട്ടുണ്ട്

കുടുംബകോടതികളിൽ ഫയൽ ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വർധിപ്പിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള കേസുകളിൽ കോടതി ഫീസ് 200 രൂപയായും ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അര ശതമാനമായുമാണ് വർധിപ്പിച്ചത്. അഞ്ചുലക്ഷത്തിന് മുകളിലുള്ള കേസുകളിൽ പരമാവധി രണ്ട് ലക്ഷം രൂപ എന്ന വ്യവസ്ഥയിൽ, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമാകും കോടതി ഫീസ്. ഇത്തരം കേസുകളിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന അപ്പീലുകൾക്കും ഇതേ ഫീസുകളാകും ഈടാക്കുക. ജാമ്യാപേക്ഷയ്ക്കുള്ള തുകയും ബജറ്റിൽ വർധിപ്പിച്ചു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ, ജാമ്യാപേക്ഷ എന്നിവയ്ക്കുള്ള ഫീസ് 500 രൂപയായി വർധിപ്പിച്ചു.സെക്ഷൻ കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഫീസ് 250 രൂപയും ജാമ്യാപേക്ഷയ്ക്കുള്ള തുക 200 രൂപയായും വർധിപ്പിച്ചു. തുടർന്നുള്ള ഓരോ ഹർജികൾക്കും അതാതിന്റെ പകുതി ഫീസും ഇവയല്ലാതെയുള്ള മറ്റ് കോടതികളിൽ ഓരോ ഹർജിക്കാരനും 50 രൂപ എന്നതിന് വിധേയമായി പരമാവധി 250 രൂപയും ഫീസായി ഏർപ്പെടുത്തും.

 

Leave a Reply

Your email address will not be published. Required fields are marked *