Now loading...
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം 90 ദിവസത്തേയ്ക്ക് നിർത്തിവച്ചതായി യുഎസ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. സെൻസെക്സ് 1,310.11 പോയിന്റ് അഥവാ 1.77 ശതമാനം ഉയർന്ന് 75,157.26 ലും നിഫ്റ്റി 50 429.40 പോയിന്റ് അഥവാ 1.92 ശതമാനം ഉയർന്ന് 22,828.55 ലും ക്ലോസ് ചെയ്തു. പകരച്ചുങ്കം നടപ്പാക്കുന്നത് നീട്ടിവെച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ആഗോള വിപണി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇത് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ ഏഷ്യൻ പെയിന്റ്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ് ഓഹരികൾ മാത്രമാണ് ഇന്ന് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, അദാനി പോർട്ട്സ് ഓഹരികൾ ഇന്ന് കൂടുതൽ നേട്ടമുണ്ടാക്കി.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ എല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ്. സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ ആണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. സൂചിക 4.09 ശതമാനം ഉയർന്നു. നിഫ്റ്റി റിയാലിറ്റി (+1.26%), നിഫ്റ്റി ഓട്ടോ (+2.03%), നിഫ്റ്റി ഓയിൽ & ഗ്യാസ് (+2.20%), നിഫ്റ്റി ഫാർമ (+2.43%), നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് (+3.19%) എന്നിങ്ങനെയാണ് മറ്റ് സൂചികകളിലെ മുന്നേറ്റം.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 1.8 ശതമാനവും സ്‌മോൾക്യാപ് സൂചിക 3 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 6.16 ശതമാനം താഴ്ന്ന് 20.11 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ ടോക്കിയോയിലെ നിക്കി 225 സൂചികയും ദക്ഷിണ കൊറിയയിലെ കോസ്പിയും താഴ്ന്നപ്പോൾ ഷാങ്ഹായ് എസ്എസ്ഇ കോമ്പോസിറ്റ് സൂചികയും ഹോങ്കോങ്ങിലെ ഹാംഗ് സെങ്ങും ഉയർന്ന് ക്ലോസ് ചെയ്തു. ടോക്കിയോയിലെ നിക്കി 225 സൂചിക ഏകദേശം 3 ശതമാനം ഇടിഞ്ഞു.
യൂറോപ്യൻ വിപണികൾ താഴ്ന്നാണ് വ്യാപാരം നടത്തിയത്. വ്യാഴാഴ്ച യുഎസ് വിപണികൾ ഗണ്യമായി താഴ്ന്നു. നാസ്ഡാക്ക് കോമ്പോസിറ്റ് 4.31 ശതമാനവും എസ് & പി 500 3.46 ശതമാനവും ഡൗ ജോൺസ് 2.50 ശതമാനവും ഇടിഞ്ഞു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.32 ശതമാനം ഉയർന്ന് ബാരലിന് 63.53 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 61 പൈസ ഉയർന്ന് 86.07 എന്ന നിലയിലെത്തി.
Jobbery.in
Now loading...