കന്യാകുമാരി വിവേകാനന്ദ പാറയെയും തിരുവള്ളുവർ പ്രതിമയെയും ബന്ധിപ്പിച്ച് തമിഴ്നാട് സർക്കാർ സ്ഥാപിച്ച ഗ്ലാസ് ബ്രിഡ്ജ് ഇന്ന് തുറക്കും. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വൈകീട്ട് 05:30നാണ് കണ്ണാടിപ്പാലം ഉദ്ഘാടനം ചെയ്യുക. തമിഴ്നാട് സർക്കാരിന്റെ പുതുവർഷ സമ്മാനമായാണ് ത്രിവേണി സംഗമ തീരത്ത് കണ്ണാടിപ്പാലം എത്തിയത്.
വിവേകാനന്ദപ്പാറയിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് കടലിലെ കാലാവസ്ഥാ വ്യതിയാനം കാരണം തിരുവള്ളുവർ പ്രതിമയ്ക്ക് അരികിലേയ്ക്ക് പോകാൻ പലപ്പോഴും കഴിയാറുണ്ടായിരുന്നില്ല. ഇതിന് പരിഹാരമായാണ് ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് കടലിനുമീതെ കണ്ണാടിപ്പാലം നിർമിക്കുന്നത്. പാലം തുറക്കുന്നതോടെ വിവേകാനന്ദ പാറയിൽ നിന്ന് തിരുവള്ളുവർ പ്രതിമയിലേക്കു നടന്ന് എത്തിച്ചേരാൻ സാധിക്കും. മുകളിലൂടെ സന്ദർശകർ നടന്നുപോകുമ്പോൾ കടലിൻ്റെ സൗന്ദര്യം കാണുന്ന തരത്തിലാണ് പാലം. പാലത്തിൻ്റെ മധ്യത്തിൽ കട്ടിയുള്ള കണ്ണാടി സ്ഥാപിച്ച് തൂക്കുപാലം മാതൃകയിലാണ് നിർമാണം.
ചെന്നൈ ഐഐടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 37 കോടി ചെലവിൽ പണിത കണ്ണാടിപ്പാലത്തിൻ്റെ നീളം 77 മീറ്ററും വീതി 10 മീറ്ററുമാണ്. ഇതിൽ രണ്ടര മീറ്റർ വീതിയിൽ കണ്ണാടിപ്പാത ഉണ്ടാകും.
Jobbery.in