January 12, 2025
Home » പണപ്പെരുപ്പം കൂടുന്നു; ഡിസംബറിലെങ്കിലും കുറയ്ക്കുമോ പലിശ നിരക്ക് Business News Malayalam
പണപ്പെരുപ്പം കൂടുന്നു; ഡിസംബറിലെങ്കിലും കുറയ്ക്കുമോ പലിശ നിരക്ക്

ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷയിലാണ് സാമ്പത്തിക ലോകം. സെപ്റ്റംബറില്‍ പണപ്പെരുപ്പം 5.49 ശതമാനം ഉയർന്നിരുന്നു. ഇത് ഈ പാദത്തിൽ 4.9 ശതമാനമായി കുറയുമെന്നാണ് നിലവിലുള്ള പ്രവചനം. അങ്ങനെയെങ്കിൽ ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ച് 6.25 ശതമാനമാക്കിയേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പണപ്പെരുപ്പവും വളര്‍ച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നല്ല നിലയിലാണെന്ന് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. പുതിയ സര്‍വേ അനുസരിച്ച്, 57 സാമ്പത്തിക വിദഗ്ധരില്‍ 30 പേരും അടുത്ത ധനനയ യോഗത്തില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറയ്ക്കുവാൻ സാധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്.

യുഎസ് ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഇതിനകം തന്നെ അര ശതമാനം പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആ‍ർബിഐയും പലിശ നിരക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഭവന – വാഹന വായ്പ എടുക്കുന്നവര്‍ക്ക് പലിശ നിരക്ക് കുറയുകയാണെങ്കില്‍ ആശ്വാസകരമായിരിക്കും.

ഇന്ത്യയുടെ സാമ്പത്തിക വളർച്ച താഴേക്കാകുന്നതാണ് ആശങ്ക ഉയര്‍ത്തുന്ന ഒരു ഘടകം. ആര്‍ബിഐയുടെ വളര്‍ച്ചാ പ്രവചനം 7.2 ശതമാനം, 7.1 ശതമാനം എന്നിങ്ങനെയാണ് എന്നാൽ ഈ സാമ്പത്തിക വര്‍ഷം 6.9 ശതമാനമായും അടുത്ത വര്‍ഷം 6.7 ശതമാനമായും വളർച്ചാ നിരക്ക് കുറയുമെന്നാണ് സാമ്പത്തിക വിദ​ഗ്ദർ പ്രവചിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *