ഷെയർചാറ്റ് എന്ന സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോം അറിയാത്തവരായി ആരുമില്ല. ഏകദേശം 42,000 കോടി രൂപയാണ് ഈ ഇന്ത്യൻ സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റിന്റെ മൂല്യം! ഹിന്ദി, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക്, തമിഴ്, ബെംഗാളി, ഒഡിയ, കന്നഡ, ആസാമീസ്, ഹര്യാൻവി, രാജസ്ഥാനി, ഭോജ്പുരി, ഇംഗ്ലീഷ് എന്നിങ്ങനെ 15 ഭാഷകളിൽ ഷെയർചാറ്റ് ലഭ്യമാണ്. നിശ്ചയദാർഢ്യത്തിന്‍റെയും സ്ഥിര പ്രയത്നത്തിന്‍റെയും കഥയാണ് ഷെയർചാറ്റിന്‍റെ വിജയത്തിന് പിന്നിലുള്ളത്. ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഷെയർ ചാറ്റിന്‍റെ സ്ഥാപകനായ അങ്കുഷ് സച്ദേവയുടെ കഥ കേൾക്കണം.
ബിരുദം നേടിയതിന് ശേഷം ഏതൊരു ബിസിനസ് പ്രേമിയേയും പോലെ സ്വന്തം കമ്പനി ആരംഭിക്കാനാണ് അങ്കുഷ് തീരുമാനിച്ചത്. തുടങ്ങിയ ഓരോ സംരംഭവും നേരിട്ടത് പരാജയം ആയിരുന്നു. തുടർച്ചയായി 17 സംരംഭങ്ങളാണ് അങ്കുഷ് തുടങ്ങിയതിന് ശേഷം പരാജയപ്പെട്ടത്. എന്നാൽ പിന്മാറാൻ അങ്കുഷ് തയ്യാറായില്ല.
ഐഐടി കാൺപൂരിലെ തന്‍റെ സഹപാഠികളായ ഫരീദ് അഹ്‌സൻ, ഭാനുപ്രതാപ് സിങ് എന്നിവരോടൊപ്പം 2015 ലാണ് അങ്കുഷ് ഷെയർചാറ്റിനു തുടക്കം കുറിച്ചത്. ഇന്ത്യൻ ഓഡിയൻസിനു വേണ്ടി ഒരു സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്ഫോം എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. 2017ലാണ് കമ്പനിയുടെ സിഇഒ ആയി അങ്കുഷ് ജോയിൻ ചെയ്യുന്നത്. 2018ൽ തന്നെ ഫോബ്‌സിന്‍റെ അണ്ടർ 30 ഏഷ്യ പട്ടികയിൽ അങ്കുഷ് ഇടം നേടി. ടിക് ടോക്കിന്‍റെ മാതൃകയിൽ മോജ് എന്ന ഷോർട്ട് വിഡിയോ പ്ലാറ്റ്ഫോമും അവതരിപ്പിച്ചു. 2021ൽ യൂണികോണായി ഷെയർചാറ്റ് മാറി. 2021 ഏപ്രിലിൽ പേരന്‍റ് കമ്പനി മൊഹല്ല ടെക് 4,000 കോടി രൂപയുടെ ഫണ്ടിങ് നേടി.
ട്രാക്സൻ റിപ്പോർട്ട് പ്രകാരം ഷെയർചാറ്റിന്‍റെ നിലവിലെ മൂല്യം ഏകദേശം 42000 കോടി രൂപയാണ്. 40ൽ അധികം സ്വകാര്യ ഇക്വിറ്റി കമ്പനികൾ ഷെയർ ചാറ്റിൽ നിക്ഷേപം നടത്തിയിരിക്കുന്നു. 1000 ൽ അധികം പേർ ജോലി ചെയുന്ന ഷെയർ ചാറ്റിന്‍റെ വാർഷിക വരുമാനം 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 719 കോടി രൂപയാണ്. 31 കാരനായ അങ്കുഷ് 35 വയസിൽ താഴെയുള്ള ടോപ് 150 ഇന്ത്യൻ സംരംഭകരിൽ ഒന്നാമൻ ആയാണ് അറിയപ്പെടുന്നത്.