January 9, 2025
Home » പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു

തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിന് 405 കോടി രൂപയുടെ ധനസഹായം. കേരളത്തിലെ മൂന്നു സർവകലാശാലകൾക്ക് 100 കോടി രൂപ വീതമടക്കം ആകെ നാനൂറ്റഞ്ച് കോടി രൂപ കേരളത്തിനു അനുവദിച്ചതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു. മുൻവർഷത്തേക്കാൾ വർദ്ധിച്ച നിലയിലാണ് കേരളത്തിന് തുക അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു. മൾട്ടി ഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് (MERU) വിഭാഗത്തിൽ മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതമാണ് ലഭ്യമാക്കിയിരിക്കുന്നത്. കേരള സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്. ഉന്നതവിദ്യാഭ്യാസ കുതിപ്പിൽ കൂടുതൽ പിന്തുണയർഹിക്കുന്ന മലബാറിന് പ്രത്യേക പരിഗണന നൽകുകയെന്ന നയത്തിന്റെ ഭാഗമായാണ് കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾക്ക് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നത്.

ഗ്രാന്റ്സ് ടു സ്ട്രെങ്തൻ യൂണിവേഴ്സിറ്റീസ് (GSU) വിഭാഗത്തിൽ എം ജി സർവ്വകലാശാലയ്ക്ക് ഇരുപതു കോടി രൂപ ലഭിക്കും. ഗ്രാന്റ്സ് ടു സ്ട്രെങ്തൻ കോളേജസ് (GSC) വിഭാഗത്തിൽ 11 കോളേജുകൾക്ക് അഞ്ചു കോടി രൂപ വീതം ലഭിക്കും. ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഇക്വിറ്റി വിഭാഗത്തിൽ വയനാട്, പാലക്കാട്, തൃശൂർ ജില്ലകൾക്ക് പത്തു കോടി രൂപ വീതവും ലഭിക്കും. മൊത്തം ഫണ്ടിങ് തുകയുടെ അറുപതു ശതമാനം കേന്ദ്ര സർക്കാരും നാല്പത് ശതമാനം സംസ്ഥാന സർക്കാരുമാണ് ചെലവഴിക്കുക.

സനാതന ധർമ്മ കോളേജ് ആലപ്പുഴ. മാറമ്പള്ളി എം ഇ എസ കോളേജ്, കളമശ്ശേരി സെന്റ് പോൾസ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ്, ഉദുമ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ്, കോഴിക്കോട് സാമൂറിൻ ഗുരുവായൂരപ്പൻ കോളേജ്, മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, മുട്ടിൽ ഡബ്ള്യു എം ഓ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയ്ക്കാണ് അഞ്ചു കോടി രൂപ വീതം നൽകുക.

മികവ് വളർത്തിയെടുക്കുന്നതിലൂടെയും വിദ്യാഭ്യാസത്തിൽ തുല്യത വർദ്ധിപ്പിക്കുന്നതിലൂടെയും സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ളതാണ് പിഎം ഉഷ പദ്ധതിക്ക് കീഴിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുക പങ്കിട്ട് നടപ്പാക്കുന്ന ഈ സംരംഭങ്ങൾ. പി എം ഉഷ പദ്ധതിയുടെ പൂർവ്വരൂപമായ റൂസയുടെ റൂസ-ഒന്ന് പദ്ധതിയിൽ 194 കോടി രൂപയും, റൂസ-രണ്ട് പദ്ധതിയിൽ 366 കോടിയും നേടിയെടുത്ത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ പാശ്ചാത്തലസൗകര്യവികസനത്തിൽ വൻ കുതിപ്പ് കേരളം നേടിയെടുത്തിരുന്നു. ഈ മുന്നേറ്റത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുൻഘട്ടങ്ങളെ അപേക്ഷിച്ച് ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക കേരളം ലഭ്യമാക്കിയിരിക്കുന്നത്

നാക് അക്രെഡിറ്റേഷനുകളിലും എൻ ഐ ആർ എഫ് റാങ്കിങിലുമടക്കം വലിയ കുതിച്ചുകേറ്റം നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിന് അംഗീകാരമായാണ് പി എം ഉഷ പദ്ധതിയുടെ പ്രോജക്ട് അപ്പ്രൂവൽ ബോർഡിൽ ഇത്രയും തുകയ്ക്കുള്ള അംഗീകാരം കേരളത്തിന് നേടിയെടുക്കാനായത്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ ഏജൻസിയായ നാക് പരിശോധനയിൽ കേരള, എംജി സർവ്വകലാശാലകൾക്ക് രാജ്യത്തെ ഉയർന്ന ഗ്രേഡ് ആയ എ ഡബിൾ പ്ലസ് ലഭിച്ചിരുന്നു. കാലിക്കറ്റ്, സംസ്കൃത, കൊച്ചി സർവ്വകലാശാലകൾക്ക് എ പ്ലസും ലഭിച്ചു. സംസ്ഥാനത്തെ 269 കോളേജുകൾക്ക് നാക് അംഗീകാരം ലഭിച്ചപ്പോൾ, 27 കോളേജുകൾക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് ആയ എ ഡബിൾ പ്ലസ് സ്വന്തമായി.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിംഗ് ഏജൻസിയായ എൻ ഐ ആർ എഫ് 2024 പട്ടികയിലും ഇതിനെ അതിശയിക്കുന്ന മിന്നുന്ന മുന്നേറ്റം കേരളമുണ്ടാക്കി. എൻ ഐ ആർ എഫ് 2024 പട്ടികയിൽ രാജ്യത്തെ മികച്ച നൂറു സർവ്വകലാശാലകളിൽ കേരളത്തിൽ നിന്ന് നാല് സർവ്വകലാശാലകൾ ഇടം പിടിച്ചു. സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റി വിഭാഗത്തിൽ കേരള സർവകലാശാല 9, കൊച്ചി സർവ്വകലാശാല 10, എംജി സർവകലാശാല 11 എന്നീ റാങ്കുകൾ നേടി.

രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളിൽ 42 എണ്ണം കേരളത്തിൽ നിന്നാണിപ്പോൾ. ആദ്യത്തെ നൂറിൽ 16 കോളേജുകൾ കേരളത്തിലുള്ളവയാണ്. രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് രാജ്യത്തെ മികച്ച ഇരുപതാമത്തേയും തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ് ഇരുപത്തിരണ്ടാമത്തേയും കോളേജുകളായി ഉയർന്നു. .

ആഗോളപ്രശസ്ത റാങ്കിംഗ് ഏജൻസിയായ ടൈംസ് ഹയർ എഡ്യൂക്കേഷൻ റാങ്കിങ്ങിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് രാജ്യത്ത് മൂന്നാം സ്ഥാനവും ഏഷ്യയിൽ 134 -ആം സ്ഥാനവും കരസ്ഥമാക്കിയതും ഇതേ മികവിന്റെ അടിസ്ഥാനത്തിലാണ്. ക്യു എസ് റാങ്കിങ്ങിന്റെ ഏഷ്യൻ പട്ടികയിൽ കേരള സർവ്വകലാശാലയ്ക്ക് 339 -ആം സ്ഥാനം ലഭിച്ചപ്പോൾ, ലോകത്തെ മികച്ച ആയിരം സർവ്വകലാശാലകളിൽ കൊച്ചിൻ സർവ്വകലാശാലയും ഉയർന്നു നിൽക്കുകയാണ്. പ്രഥമ ടൈംസ് എഡ്യൂക്കേഷൻ ഇൻറർ ഡിസിപ്ലിനറി റാങ്കിങ്ങിലും കൊച്ചി സർവ്വകലാശാല ഇടം നേടിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലേതിന് സമാനമായി ഫലപ്രാപ്തിയിലൂന്നിയ വിദ്യാഭ്യാസ സമ്പ്രദായം (Outcome Based Education) പിന്തുടരുന്ന നാലു വർഷ ബിരുദ പ്രോഗ്രാം നടപ്പായതോടെ സംസ്ഥാനത്തെ സർവ്വകലാശാല, കോളേജ് വിദ്യാഭ്യാസം ലോക നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. ഈ മികവുകളെല്ലാം ചേർന്ന് കേരളമുണ്ടാക്കുന്ന സുപ്രധാന ഉന്നതവിദ്യാഭ്യാസ നാഴികക്കല്ലാണ് പി എം ഉഷ പദ്ധതിയിൽ നേടിയെടുത്തിരിക്കുന്ന 405 കോടി രൂപയുടെ പദ്ധതി അംഗീകാരം.

Leave a Reply

Your email address will not be published. Required fields are marked *