April 7, 2025
Home » പുതിയ പാമ്പന്‍പാലം പ്രധാനമന്ത്രി തുറന്നു; റെയില്‍ ഗതാഗതം ഇനി സുഗമമാകും Jobbery Business News New

രാമനവമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍-ലിഫ്റ്റ് കടല്‍ പാലമാണ് ഇത്. പാലത്തിലൂടെ കടന്നുപോയ രാമേശ്വരം-താംബരം (ചെന്നൈ) ട്രെയിനും പാലത്തിനടിയിലൂടെ കടന്നുപോയ കോസ്റ്റ് ഗാര്‍ഡ് കപ്പലും മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.

തമിഴ്നാട്ടിലെ പാക് കടലിടുക്കിന് കുറുകെ 2.07 കിലോമീറ്റര്‍ നീളമുള്ള ഈ പാലം ഇന്ത്യയുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിനും ദീര്‍ഘവീക്ഷണമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും തെളിവാണ്.

രാമനാഥപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ പാലം രാമേശ്വരം ദ്വീപിനെയും മണ്ഡപത്തെയും പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നു. നവരത്‌ന പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡ് (ആര്‍വിഎന്‍എല്‍) 700 കോടിയിലധികം രൂപ ചെലവിലാണ് പാലം നിര്‍മ്മിച്ചത്. ഇത് ലംബമായി 17 മീറ്ററിലേക്ക് ഉയര്‍ത്താന്‍ കഴിയും, ഇത് കപ്പലുകളെ സുരക്ഷിതമായി കടന്നുപോകാന്‍ അനുവദിക്കുന്നു.

നിലവില്‍ ഒറ്റ ലൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ട് റെയില്‍വേ ട്രാക്കുകളെ പിന്തുണയ്ക്കാന്‍ ഈ പാലത്തിന് കഴിയും. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ തീവണ്ടി കടന്നുപോകാന്‍ ഇതിന് അനുമതിയുണ്ട്. കൂടാതെ വര്‍ധിച്ച റെയില്‍ ഗതാഗതവും കൂടുതല്‍ ഭാരമുള്ള ലോഡുകളും കൈകാര്യം ചെയ്യുന്നതിനായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പുതിയ പാലത്തിന് 100 വര്‍ഷത്തെ ആയുസ്സ് പ്രതീക്ഷിക്കുന്നു.

പതിവ് അറ്റകുറ്റപ്പണികളുടെ ആവശ്യകത കുറയ്ക്കുന്ന പ്രത്യേക എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പാമ്പന്‍ പാലത്തെ അതിന്റെ ആധുനിക രൂപകല്‍പ്പനയും സാങ്കേതികവിദ്യയും കാരണം അമേരിക്കയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലം, യുകെയിലെ ടവര്‍ പാലം, ഡെന്‍മാര്‍ക്കിനും സ്വീഡനും ഇടയിലുള്ള ഒറെസുണ്ട് പാലം തുടങ്ങിയ പ്രശസ്തമായ പാലങ്ങളുമായി താരതമ്യം ചെയ്യുന്നു.

പഴയ പാമ്പന്‍ പാലം 1914 ല്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാരാണ് നിര്‍മ്മിച്ചത്. ഇത് മാനുവലായി പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ഷെര്‍സേഴ്സ് സ്പാന്‍ (ഒരു തരം റോളിംഗ് ലിഫ്റ്റ് ബ്രിഡ്ജ്) ആണ് ഉപയോഗിച്ചത്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *