Now loading...
ഫെഡറൽ റിസർവ് ചെയർമാൻ ഇന്നലെ രണ്ടു നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞു. പക്ഷേ വിപണികൾ ശാന്തമായി. ജെറോം പവൽ പറഞ്ഞത് ഇവയാണ്: വളർച്ച കുറയും, വിലക്കയറ്റം കൂടും. പക്ഷേ, അതു കഴിഞ്ഞപ്പോൾ വിപണികൾ ഉയർന്നു. കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം കുറഞ്ഞു, ഡോളർ സൂചിക അൽപം കയറി.
ഇന്നലെ യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കില്ല എന്നാണു വിപണി കരുതിയിരുന്നത്. അങ്ങനെ തന്നെ സംഭവിച്ചു. പലിശ 4.25-4.50 ശതമാനത്തിൽ നിലനിർത്തി. കഴിഞ്ഞ വർഷം തുടർച്ചയായി മൂന്നു തവണ പലിശക്കിച്ചതാണ്. ഈ വർഷം രണ്ടുതവണ പലിശ കുറയ്ക്കും എന്നു പവൽ സൂചിപ്പിച്ചു. അതുവഴി വർഷാവസാനം കുറഞ്ഞ പലിശ 3.9 ശതമാനം (3.75 – 4.00 ശതമാനം) ആകുമെന്ന് ഫെഡ് കണക്കാക്കുന്നു. 2026 ൽ മൂന്നും 2027 ൽ രണ്ടും തവണ പലിശ കുറയ്ക്കും എന്നു ഫെഡ് സൂചിപ്പിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ നയങ്ങൾ വിലക്കയറ്റം വർധിപ്പിക്കും എന്നതിൽ പവലിനു സംശയമില്ല. അതു താൽക്കാലികമോ സ്ഥിരമോ എന്ന് ഇപ്പോൾ പറയാനാവില്ല. ഏതായാലും ഈ വർഷത്തെ വിലക്കയറ്റ നിരക്ക് (പേഴ്സണൽ കൺസംഷൻ എക്സ്പെൻഡിച്ചർ) 2.8 ശതമാനമായി ഉയരുമെന്ന് പവൽ പറഞ്ഞു. നേരത്തേ പ്രതീക്ഷിച്ചത് 2.5 ശതമാനമായിരുന്നു. വിലക്കയറ്റവും ട്രംപിൻ്റെ നയങ്ങളും യുഎസ് ജിഡിപി വളർച്ചയെ കുറയ്ക്കും എന്നാണു ഫെഡ് വിലയിരുത്തൽ.ഈ വർഷം 2.1 ശതമാനം പ്രതീക്ഷിച്ച വളർച്ച 1.7 ശതമാനം മാത്രമാകും. 2026 ലും ’27 ലും 18 ശതമാനം മാത്രമാകും വളർച്ച എന്നു ഫെഡ് കണക്കാക്കുന്നു. തൊഴിലില്ലായ്മ കുറയുന്നതിനു പകരം കൂടും എന്നു ഫെഡ് പറയുന്നു. 4.4 ശതമാനമാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. തുടർന്നു രണ്ടു വർഷം 4.4 ശതമാനം തൊഴിലില്ലായ്മ കണക്കാക്കുന്നു. സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം വർധിച്ചെന്നാണു ഫെഡ് വിലയിരുത്തൽ. ട്രംപിൻ്റെ താരിഫ് യുദ്ധമാണ് അതിനു കാരണം എന്നു പവൽ പലവട്ടം പറയുകയും ചെയ്തു.
വളർച്ചയും വിലക്കയറ്റവും സംബന്ധിച്ച ഫെഡ് നിഗമനങ്ങൾ വളരെ യാഥാസ്ഥിതികം ആണെന്നു ചിലർ വിമർശിച്ചു. വിലക്കയറ്റം കൂടുതൽ വർധിക്കുകയും വളർച്ച കൂടുതൽ കുറയുകയും ചെയ്യും എന്നാണ് വിമർശകർ പറയുന്നത്. ഏതാനും വർഷം മുൻപ് വിലകൾ കയറിത്തുടങ്ങിയപ്പോൾ ഫെഡ് അതിനെ താൽക്കാലികം എന്നു വിശേഷിപ്പിച്ചത് വലിയ അബദ്ധമായി മാറി. ഇപ്പോഴും താൽക്കാലികം എന്ന പദം പ്രയോഗിച്ച് അബദ്ധം ആവർത്തിക്കുന്നു എന്നാണു വിമർശനം. ക്വീൻസ് കോളജ് പ്രസിഡൻ്റ് മുഹമ്മദ് എൽ ഏറിയൻ ഫെഡ് നയപരമായ അബദ്ധം ആവർത്തിക്കുന്നു എന്നു കുറ്റപ്പെടുത്തി.
വിമർശനങ്ങൾ ഉണ്ടെങ്കിലും വിപണിക്കു ഫെഡ് നിലപാട് ഇഷ്ടപ്പെട്ടു. വിപണിയുടെ ”ഇഷ്ടപ്രസിഡൻ്റ് ” ചെയ്യുന്ന കാര്യങ്ങൾ വലിയ കുഴപ്പത്തിലേക്കു നയിക്കില്ല എന്നു ഫെഡ് വിലയിരുത്തി എന്നതിലാണ് വിപണിയുടെ സന്തോഷം. വിപണിയുടെ സന്തോഷങ്ങൾ യഥാർഥ സമ്പദ്ഘടനയുടെ സന്തോഷങ്ങൾ ആകുന്നത് അപൂർവമാണ് എന്നതാണ് ചരിത്രം. ഫെഡിൻ്റെ ഇന്നലത്തെ നിഗമനങ്ങൾ തെറ്റാം എന്നു ചുരുക്കം.
Jobbery.in
Now loading...