Now loading...
ഇനി ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം വളരെ പെട്ടെന്ന് ഉപയോക്താക്കളിലേക്ക്. 15 മിനിറ്റില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്നാക് (SNACC) എന്നപേരില്‍ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഇതിലൂടെ ലഘുഭക്ഷണങ്ങളായ ചായ, കാപ്പി, പ്രഭാതഭക്ഷണം, തുടങ്ങിയവ 15 മിനിറ്റില്‍ ലഭ്യമാക്കുന്നതിനാണ് സ്വിഗ്ഗി സ്നാക് അവതരിപ്പിച്ചിരിക്കുന്നത്.
നിലവില്‍ ബെംഗളൂരു നഗരത്തിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ ബെംഗളൂരുവില്‍ നടപ്പാക്കുന്ന സേവനത്തിന്റെ ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും സേവനം അവതരിപ്പിക്കുക. സ്നാക് എന്നപേരില്‍ സ്വതന്ത്ര ആപ്പായിട്ടാകും സ്വിഗ്ഗി ഈ പ്ലാറ്റ്ഫോമിനെ അവതരിപ്പിക്കുക.
സെപ്റ്റോ കഫേ, ബ്ലിങ്കിറ്റ് ബിസ്ട്രോ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും സ്നാക് എന്നാണ് വിലയിരുത്തല്‍. അടുത്തിടെ 15 മിനിറ്റില്‍ അതിവേഗ വിതരണം നടത്തുന്ന സേവനം സൊമാറ്റോയും അവതരിപ്പിച്ചിരുന്നു. പ്രധാന ആപ്പില്‍ തന്നെയാണ് അവരുടെ അതിവേഗ വിതരണ സേവനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ, പൂനെ, കൊച്ചി ഉള്‍പ്പെടെ 400 നഗരങ്ങളിലേക്ക് 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന ‘ബോള്‍ട്ട്’ സേവനം കമ്പനി അവതരിപ്പിച്ചിരുന്നു. കേരളത്തില്‍ അടക്കം മികച്ച പ്രതികരണം ലഭിച്ചതോടെയാണ് കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളായ കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലും കോയമ്പത്തൂര്‍ അടക്കമുള്ള മറ്റു 400 നഗരങ്ങളിലും ഇത് ലഭ്യമാക്കിയത്.
Now loading...