
Now loading...
എത്ര കോടി പൊടിക്കും? എത്ര സെലിബ്രിറ്റികളെത്തും എന്നെല്ലാം ചോദിച്ചവർക്ക് മുൻപിലേക്ക് ലളിതം,സുന്ദരം എന്ന മാതൃക തീർത്തിരിക്കുകയാണ് വ്യവസായ ഭീമൻ ഗൗതം അദാനി. ഇളയമകൻ ജീത് അദാനിയുടെ വിവാഹം ആർഭാടത്തിന്റെ കെട്ടുപാടുകളുമൊന്നുമില്ലാതെ വളരെ ലളിതമായാണ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ അഹമ്മദാബാദിലെ അദാനി ടൗൺഷിപ്പായ ശാന്തിഗ്രാമത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ വച്ച് ജീത് അദാനി ദിവയ്ക്ക് മംഗല്യസൂത്ര അണിയിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനെത്തിയത്. ഗുജറാത്തിലെ പ്രമുഖ വജ്രവ്യാപാരി ജയ്മിൻ ഷായുടെ മകളാണ് ഗൗതം അദാനിയുടെ പുത്രവധുവെന്നതിനാൽ അനന്ത് അംബാനി-രാധിക വിവാഹത്തിനേക്കാൾ പ്രൗഢഗംഭീരമായിട്ടായിരിക്കും ഇരുവരുടെയും വിവാഹമെന്ന് ആളുകൾ കരുതിയിരുന്നു. എന്നാൽ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ ലളിതമായിട്ടായിരിക്കും വിവാഹമെന്ന് ഗൗതം അദാനി അറിയിക്കുകയായിരുന്നു. രാഷ്ട്രീയക്കാർ, ബിസിനസ്‌നേതാക്കൾ, നയതന്ത്രജ്ഞർ, സിനിമാതാരങ്ങൾ, സെലിബ്രിറ്റികൾ എന്നിവരെയെല്ലാം വിവാഹ ചടങ്ങുകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശനിയാഴ്ച അദാനി ഗ്രൂപ്പ് ജീവനക്കാർക്കായി സ്വീകരണം ഒരുക്കും. വളരെ ചെറിയ ഒരു സ്വകാര്യ ചടങ്ങായിരുന്നു മകന്റെ വിവാഹം എന്നും എല്ലാ അഭ്യുദയകാംക്ഷികളെയും ക്ഷണിക്കാൻ കഴിയാത്തതിനാൽ ക്ഷമ ചോദിക്കുന്നു എന്നും അദാനി വ്യക്തമാക്കിയിരുന്നു.
പരമ്പരാഗത ഗുജറാത്തി ജെയിൻ അചാര പ്രകാരം വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ ഉണ്ടായിരുന്നത്. പാരമ്പര്യം, സംസ്‌കാരം, സാമൂഹ്യ സേവനം തുടങ്ങിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു വിവാഹ ഒരുക്കങ്ങൾ. ആഡംബരം ഒഴിവാക്കിയുള്ള വിവാഹത്തിനൊപ്പം സാമൂഹികപ്രിതബന്ധതയും അദ്ദേഹം മറന്നില്ല. മകന്റെ വിവാഹത്തിനോട് അനുബന്ധിച്ച് വലിയ തുകയാണ് സാമൂഹിക സേവനത്തിനായി ഗൗതം അദാനി സംഭാവന ചെയ്തത്. 10,000 കോടിരൂപയാണ് അദ്ദേഹം നൽകുന്നത്. തുകയുടെ ഭൂരിഭാഗവും ആരോഗ്യ-വിദ്യാഭ്യാസ-നൈപുണ്യ വികസന പദ്ധതികൾക്കായിട്ടായിരിക്കും മാറ്റിവയ്ക്കുക.കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്ന ലോകോത്തര ആശുപത്രികളുടെയും മെഡിക്കൽ കോളേജുകളുടെയും ഉൾപ്പെടെ നിർമാണത്തിനായും അദാനി നൽകുന്ന തുക ചെലവഴിക്കുംകുറഞ്ഞ ചെലവിൽ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നതിനായി പ്രത്യേക സ്‌കൂളുകളും നിർമിക്കും. യുവാക്കൾക്ക് തൊഴിൽ പരിശീലനത്തിനായി ഉന്നത നിലവാരത്തിലെ നൈപുണ്യ അക്കാദമികളുടെ ശൃംഖലയും സ്ഥാപിക്കും എന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാ ജനവിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പദ്ധതികൾ രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വരെയുള്ള സംഭാവന നൽകുമെന്ന് നവദമ്പതികൾ പ്രതിജ്ഞയെടുത്തിരുന്നു. ഇതിന് പിന്നാലെ,ഒരു അച്ഛനെന്ന് നിലയ്ക്ക് തനിക്ക് സന്തോഷവും അഭിമാനവും സംതൃപ്തിയും നൽകുന്ന തീരുമാനമാണിത്, ഇത് നിരവധി പെൺമക്കളെയും അവരുടെ കുടുംബങ്ങളെയും സന്തോഷത്തോടെയും അന്തസ്സോടെയും ജീവിക്കാൻ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് ഗൗതം അദാനി പറഞ്ഞത്. മംഗൾസേവ എന്ന പേരിലാണ് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകുക. ജീതിന്റെയും ദിവയുടെയും ആഗ്രഹപ്രകാരം, പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര, അഗംപരിമിതർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് ദമ്പതികൾക്ക് അണിയുന്നതിനുള്ള ഷാൾ നിർമിച്ചത്. വിവാഹത്തിനായി കരകൗശല നിർമിതമായ പ്ലേറ്റുകളും ഗ്ലാസുകളും സന്നദ്ധസംഘടനകളാണ് നിർമിച്ചത്.
പെൻസിൽവാനിയ സർവകലാശാലയിലെ പഠനത്തിന് ശേഷം 2019ലാണ് ജീത് അദാനി അദാനി ഗ്രൂപ്പിലേക്ക് ചേരുന്നത്. കമ്പനിയുടെ സി.എഫ്.ഒ ആയിട്ടായിരുന്നു നിയമനം. സ്ട്രാറ്റജിക് ഫിനാൻസ്, കാപ്പിറ്റൽ മാർക്കറ്റ്, റിസ്‌ക് ഗവേണൻസ് എന്നിവയായിരുന്നു അന്ന് ജീതിന്റെ ചുമതലകൾ. നിലവിൽ അദാനി എയർപോർട്ട്സിന്റേയും അദാനി ഡിജിറ്റൽ ലാബ്സിന്റേയും ചുമതലയാണ് ജീതിനുള്ളത്.കുടുംബസുഹൃത്തു വഴിയാണ് ദിവയെ പരിചയപ്പെടുന്നതെന്ന് ജീത്ത് വെളിപ്പെടുത്തിയിരുന്നു. വജ്ര വ്യാപാരിയായ ജെയ്മിൻ ഷായുടെ മകളാണ് ദിവ ജെയ്മിൻ ഷാ. മുംബൈയിലും സൂറത്തിലും ഫാക്ടറികളുള്ള ദിനേഷ് ആന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥനാണ് ജെയ്മിൻ ഷാ.മുംബൈയിലാണ് ദിവ വളർന്നത്. ന്യൂയോർക്കിലെ പാഴ്‌സൺസ് സ്‌കൂൾ ഓഫ് ഡിസൈനിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി.
Now loading...