January 12, 2025
Home » മൊത്തവില സൂചിക പണപ്പെരുപ്പം നാല് മാസത്തെ ഉയര്‍ന്ന നിരക്കില്‍ Jobbery Business News

മൊത്തവില പണപ്പെരുപ്പം ഒക്ടോബറില്‍ 4 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2.36 ശതമാനം എന്ന നിരക്കിലെത്തി. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഭക്ഷ്യവസ്തുക്കള്‍, പ്രത്യേകിച്ച് പച്ചക്കറികള്‍ തുടങ്ങിവയുടെ വില വര്‍ധനയാണ് ഇതിനു കാരണമായത്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2024 സെപ്റ്റംബറില്‍ 1.84 ശതമാനമായിരുന്നു.

കണക്കുകള്‍ പ്രകാരം, ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം സെപ്റ്റംബറില്‍ 11.53 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 13.54 ശതമാനമായി ഉയര്‍ന്നു. പച്ചക്കറി വിലക്കയറ്റം സെപ്റ്റംബറിലെ 48.73 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 63.04 ശതമാനമായാണ് ഉയര്‍ന്നത്.

ഒക്ടോബറില്‍ ഉരുളക്കിഴങ്ങിന്റെയും ഉള്ളിയുടെയും പണപ്പെരുപ്പം യഥാക്രമം 78.73 ശതമാനവും 39.25 ശതമാനവുമായി.ഇന്ധനത്തിന്റെയും ഊര്‍ജത്തിന്റെയും വിഭാഗത്തില്‍ ഒക്ടോബറില്‍ 5.79 ശതമാനം പണപ്പെരുപ്പം രേഖപ്പെടുത്തി. സെപ്റ്റംബറിലെ പണപ്പെരുപ്പം 4.05 ശതമാനമായിരുന്നു.

ഒക്ടോബര്‍ മാസത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ഡബ്ല്യുപിഐ നാണയപ്പെരുപ്പ പ്രിന്റ് ഉയര്‍ന്നു. ഒക്ടോബറിലെ നിലവാരത്തേക്കാള്‍ ഉയര്‍ന്ന ഡബ്ല്യുപിഐ 2024 ജൂണില്‍ 3.43 ശതമാനമായിരുന്നു.

‘2024 ഒക്ടോബറിലെ പണപ്പെരുപ്പത്തിന് പ്രാഥമികമായി കാരണം ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവ്, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, മറ്റ് നിര്‍മ്മാണങ്ങള്‍, യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങളുടെയും നിര്‍മ്മാണം, മോട്ടോര്‍ വാഹനങ്ങളുടെ നിര്‍മ്മാണം, ട്രെയിലറുകള്‍, സെമി ട്രെയിലറുകള്‍ മുതലായവയാണ്.’ വാണിജ്യ, വ്യവസായ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഈ ആഴ്ച ആദ്യം പുറത്തുവിട്ട ഉപഭോക്തൃ വില സൂചിക ഡാറ്റ കാണിക്കുന്നത് ചില്ലറ പണപ്പെരുപ്പം 14 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 6.21 ശതമാനത്തിലേക്ക് ഉയര്‍ന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ടോളറന്‍സ് പരിധിയേക്കാള്‍ ഉയര്‍ന്നതാണ് ഇത്. ഡിസംബറിലെ നയ അവലോകന യോഗത്തില്‍ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് കുറയ്ക്കുന്നത് ബുദ്ധിമുട്ടാക്കിയേക്കാം. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *