March 12, 2025
Home » മോദി കണ്ടു, സംസാരിച്ചു;ടെസ്ല ഇന്ത്യയിലേക്ക്; മസ്‌കിൻ്റെ ആദ്യചുവടുവയ്പ്പ് ഗുണകരമാവുക ഉദ്യോഗാർത്ഥികൾക്ക്

ഇന്ത്യ പഴയ ഇന്ത്യയല്ല,മാറ്റത്തിന്റെ തേരിലേറി കുതിക്കുകയാണ് നരേന്ദ്രഭാരതം.സമസ്തമേഖലകളിലും മാറ്റത്തിന്റെ അലയൊലികൾ പ്രകടമായി തുടങ്ങി. കാർഷികരംഗത്തും,വ്യവസായ-പ്രതിരോധരംഗത്തും അങ്ങനെ അങ്ങനെ ഒന്നാംനിരയിലേക്ക് വളരുകയാണ് രാജ്യം. കൂടൊഴിഞ്ഞ് പരദേശങ്ങൾ തേടിപോയ കമ്പനികളും നിക്ഷേപകരും ഇന്ന് ഇന്ത്യൻ മണ്ണിൽ ഒരിത്തിരി ഇടം കിട്ടാനായി കാത്തിരിക്കുകയാണ്. മെയ്ഡ് ഇന്ത്യയും മെയ്ക്ക് ഇൻ ഇന്ത്യയും രാജ്യത്തിന്റെ അവിഭാജ്യമായ രണ്ട് പൊൻതൂവലുകളായി മാറി. വിപണിയിൽ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾക്ക് അംഗീകാരങ്ങളും ആവശ്യക്കാരും അധികരിച്ചുകഴിഞ്ഞു. ഇതിനിടെ മറ്റൊരു സന്തോഷവാർത്ത കൂടി എത്തുകയാണ്. ഇന്ത്യൻ വിപണിയിലേക്ക് ഇപ്പോഴിതാ ആഗോള ഇലക്ട്രിക് വാഹനനിർമ്മാണഭീമനായ ടെസ്ലയും എത്തുകയാണ്. അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് കൂടിക്കാഴ്ച നടന്ന് ദിവസങ്ങൾക്കുള്ളിലാണ് ബഹുരാഷ്ട്ര കമ്പനി ഇന്ത്യയിലൊരിടം തേടി എത്തുന്നത്.

രാജ്യത്ത് വേരുറപ്പിക്കുന്നതിന്റെ ആദ്യപടിയെന്നോണം നിയമനങ്ങൾ നടത്താനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് കമ്പനി. ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ചെയ്ത പരസ്യമാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. 13 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സർവീസ് ടെക്‌നീഷ്യൻ, വിവിധ ഉപദേശക തസ്തികകൾ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് തസ്തികകൾ മുംബൈയിലും ഡൽഹിയിലും , കസ്റ്റമർ എൻഗേജ്‌മെന്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകൾ മുംബൈയിലുമാണ് ലഭ്യമാവുകയെന്നാണ് റിപ്പോർട്ടുകൾ.

നേരത്തെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നതിനായി ഷോറൂം സ്‌പേസിലുള്ള തിരച്ചിൽ ടെസ്ല ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യതലസ്ഥാനമംായ ഡൽഹിയിൽ തന്നെ ആദ്യ ഷോറൂം തുറക്കാനായിരുന്നു മസ്‌കിന്റെ പദ്ധതിയ ഇതിനായി ഇന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് കമ്പനിയായ ഡിഎൽഎഫുമായി ടെസ്ല കൂടിക്കാഴ്ചയും നടത്തിയിരുന്നു. കസ്റ്റമർ എക്‌സ്പീരിയൻസ് സെന്റർ,ഡെലിവറി ആൻഡ് സർവ്വീസ് സൗകര്യങ്ങൾ, എന്നിവ ഒരുക്കുന്നതിനായി 3000 മുതൽ 5000 സ്‌ക്വയർഫീറ്റ് വരെ വലിപ്പമുള്ള സ്ഥലമായിരുന്നു ടെസ്ല തേടിയിരുന്നത്. ഡൽഹിയിലെ ഡി.എൽ.എഫ്. അവന്യു മാൾ, ഗുരുഗ്രാമിലെ സൈബർ ഹബ്ബ് ഓഫീസ് ആൻഡ് റീട്ടെയ്ൽ കോംപ്ലക്സ് തുടങ്ങിയ സ്ഥലങ്ങളാണ് ഷോറൂമിനായി ടെസ്ല പ്രധാന പരിഗണന നൽകിയിട്ടുള്ള സ്ഥലങ്ങൾ. ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു തുടങ്ങിയ സാഹചര്യത്തിൽ അധികം വൈകാതെ തന്നെ ടെസ്ല ഇന്ത്യയിൽ തങ്ങളുടെ സാമ്രാജ്യം വിപുലീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

അതേസമയം പുതിയ ഇലക്ട്രിക് വാഹന നയം അനുസരിച്ച് പ്രതിവർഷം 8000 യൂണിറ്റ് മാത്രമാണ് ഇളവുകളോടെ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ അനുവദിച്ചിട്ടുള്ളത്. ഈ ഇളവ് ഉപയോഗപ്പെടുത്തുന്ന കമ്പനികൾ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിർമാണം ആരംഭിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. 4150 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനികൾ നടത്തേണ്ടത്. മൂന്ന് വർഷംകൊണ്ട് 30 ശതമാനവും അഞ്ച് വർഷംകൊണ്ട് 50 ശതമാനവും ഘടകങ്ങൾ ഇന്ത്യൻ നിർമിക്കണമെന്നും ഇ.വി നയത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇറക്കുമതി തീരുവ 110 ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കി കുറച്ച സർക്കാർ തീരുമാനവും ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വരവിന് മുതൽക്കൂട്ടാവും. ടെസ്ല ഇന്ത്യയിലെത്തുന്നതോടെ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കുകയെന്ന ഇന്ത്യൻ നയത്തിന് വലിയ സഹായമാകും.

Leave a Reply

Your email address will not be published. Required fields are marked *