മൊബൈൽ ആപ്പിലൂടെ മസ്റ്ററിങ് നടത്തുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. ‘മേരാ കെവൈസി മൊബൈൽ ആപ്ലിക്കേഷൻ’ ഉപയോഗിച്ച് നവംബർ 30നുള്ളിൽ കേരളത്തിലുള്ള മുഴുവൻ എഎവൈ, പിഎച്ച്എച്ച് ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡ് മസ്റ്ററിങിന് യുഐഡിഎഐ അംഗീകാരമുള്ള മേരാ കെവൈസി മൊബൈൽ ആപ്പ് പരിചയപ്പെടുത്തി സംസാരിക്കുകയിരുന്നു മന്ത്രി.
ഹൈദരാബാദ് എൻഐസിയുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം.
മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക. മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിംഗ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.
Jobbery.in