തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സൗജന്യമായി ഏകദിന കോഴ്സ് നൽകും. ഇക്കോളജിക്കൽ സ്റ്റഡീസിൽ മഷീൻ ലേണിംങ് ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള കോഴ്സാണിത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഇ-സർട്ടിഫിക്കറ്റ് നൽകും. വിദ്യാർത്ഥികൾക്ക് പുറമെ ഗവേഷകർ, അക്കാദമിക് വിദഗ്ധർ തുടങ്ങിവർക്കും അവസരമുണ്ട്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ ഉപവിഭാഗമായ ഡീപ് ലേണിങ്ങിന് പ്രാധാന്യം ഏറിയ സാഹചര്യത്തിലാണ് ISRO ഇതേവിഷയത്തിൽ സൗജന്യ കോഴ്സ് നൽകുന്നത്.
ബിരുദധാരികൾക്കാണ് കോഴ്സിന് അപേക്ഷിക്കാൻ കഴിയുക. ഇക്കോളജി, എൻവിയോൺമെന്റൽ സയൻസ്, ജിയോസ്പേഷ്യൽ ടെക്നോളജി, വെജിറ്റേഷൻ സ്റ്റഡീസ് തുടങ്ങിയവയിൽ പഠിക്കുകയോ ഗവേഷണം ചെയ്യുകയോ ജോലി ചെയ്യുകയോ ചെയ്യുന്നവർക്ക് അനുയോജ്യമായ കോഴ്സാണിതെന്ന് ഇസ്രോ അറിയിച്ചു. IIRSന്റെ e-class പോർട്ടൽ മുഖേന നവംബർ 27നാണ് ക്ലാസ് നടക്കുക.
കോഴ്സിൽ പങ്കെടുക്കാൻ https://elearning.iirs.gov.in/edusatregistration വഴി രജിസ്റ്റർ ചെയ്യാം. സസ്യങ്ങളുടെ വർഗ്ഗീകരണം, വനനശീകരണ നിരീക്ഷണം, സ്പീഷീസ് ഐഡൻ്റിഫിക്കേഷൻ, ആവാസവ്യവസ്ഥയുടെ മാപ്പിംഗ് തുടങ്ങിയവയിൽ ഡീപ് ലേണിംഗ് ടൂളുകൾ എപ്രകാരം ഉപയോഗിക്കാമെന്നും അതിന്റെ സാധ്യതകളുമാണ് കോഴ്സിലൂടെ പകർന്നു നൽകുക. ഡീപ് ലേഡിംഗിന്റെ പ്രായോഗിക വശങ്ങളറിയാൻ കേസ് സ്റ്റഡികളും അവതരിപ്പിക്കും.