Now loading...
വില്‍പനയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്ല. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വില്‍പ്പന 13 ശതമാനമാണ് ഇടിഞ്ഞത്.
2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി 3,36,681 യൂണിറ്റുകളുടെ വില്‍പനയാണ് നടന്നതെന്ന് ടെസ്ല അറിയിച്ചു. 2024-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 50,000 വാഹനങ്ങളുടെ കുറവാണുണ്ടായത്. ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിനെതിരായ പ്രതിഷേധവും വിപണിയില്‍ വര്‍ധിച്ചുവരുന്ന മത്സരവും വില്‍പനയിലെ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തല്‍.
മസ്‌കിന്റെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണ നയങ്ങളെയും എതിര്‍ത്തവര്‍ ടെസ്ലയ്ക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഷോറൂമുകള്‍ക്ക് മുന്നില്‍പോലും ഇത് കണ്ടു. ഇതെല്ലാം വില്‍പ്പനയെ ബാധിച്ചു.
അടുത്തകാലത്ത് വരെ എല്ലാ പാദത്തിലും 20 ശതമാനം മുതല്‍ 100 ശതമാനം വരെ വാര്‍ഷിക വില്‍പ്പന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്ന ടെസ്ലയെ സംബന്ധിച്ചിടത്തോളം അമ്പരപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഇടിവ്. ചൈനയില്‍നിന്നുള്ള കടുത്ത മത്സരവും ടെസ്ലയ്ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
അമേരിക്കയ്ക്ക് ശേഷം, ഇലക്ട്രിക് വാഹനങ്ങളുടെ ഏറ്റവും വലിയ വിപണിയും ടെസ്ലയുടെ രണ്ടാമത്തെ വലിയ വിപണിയുമാണ് ചൈന. 2025 ആദ്യപാദത്തില്‍ 4,16,000-ത്തിലധികം ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 39 ശതമാനത്തിന്റെ വര്‍ധനവാണിത്. ബിവൈഡിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പൊതുവേ ടെസ്ലയേക്കാള്‍ വില കുറവാണെന്നതും വില്‍പ്പന കുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നു.
Jobbery.in
Now loading...