63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റ് നേടി തൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കി. 1999-ലാണ് അവസാനമായി ജില്ല കിരീടം ചൂടിയത്. ഇത് ആറാം തവണയാണ് തൃശൂർ വിജയികളാകുന്നത്.
1007 പോയിന്റ് നേടി പാലക്കാടാണ് രണ്ടാമത്. 1003 പോയിന്റ് നേടി കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നിലുള്ള ജില്ലകൾ. ആതിഥേയരായ തിരുവനന്തപുരം 957 പോയിൻ്റുമായി എട്ടാം സ്ഥാനക്കാരായി.
തൃശ്ശൂരും പാലക്കാടും ഹൈസ്കൂൾ വിഭാഗത്തിൽ 482 പോയിൻ്റുമായി ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിൽ 526 പോയിൻ്റുമായി തൃശൂരാണ് ഒന്നാമത്. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം എന്നീ ജില്ലകൾ 95 പോയിൻ്റുമായി ഒന്നാം സ്ഥാനം പങ്കിട്ടു. അതേസമയം ഹൈസ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ കാസർഗോഡും മലപ്പുറവും പാലക്കാടും 95 പോയിൻ്റുമായി ഒന്നാമതെത്തി.
സ്കൂളുകളിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 171 പോയിൻ്റുമായി ഒന്നാമതും, തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂൾ 116 പോയിൻ്റുമായി രണ്ടാം സ്ഥാനത്തുമെത്തി. 106 പോയിൻ്റുമായി മാനന്തവാടി എം.ജി.എം ഹയർ സെക്കന്ററി സ്കൂളാണ് മൂന്നാമത്.
കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കലാകിരീടം സ്വന്തമാക്കിയ തൃശൂര്‍ ജില്ല മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനായ ചടങ്ങില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെ.എന്‍.ബാലഗോപാൽ, കെ. രാജൻ, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.എ.മുഹമ്മദ് റിയാസ്, പി പ്രസാദ്, ഒ.ആര്‍.കേളു, ഡോ. ആർ ബിന്ദു എന്നിവര്‍ പങ്കെടുത്തു.
Jobbery.in