March 12, 2025
Home » സാംസംഗ് ഇന്ത്യയില്‍ വീണ്ടും പണിമുടക്ക് Jobbery Business News

സാംസംഗ് ഇന്ത്യയിലെ ജീവനക്കാര്‍ പണിമുടക്കി. കൊറിയന്‍ ഗൃഹോപകരണ നിര്‍മാതാക്കളായ സാംസംഗിന്റെ ശ്രീപെരുമ്പത്തൂരിലുള്ള ഫാക്ടറിയിലെ ഒരു വിഭാഗം ജീവനക്കാരാണ് വീണ്ടും പണിമുടക്കിയത്. സിഐടിയു പിന്തുണയോടെ പുതുതായി രൂപീകരിച്ച സാംസംഗ് യൂണിയനിലെ സസ്പെന്‍ഡ് ചെയ്ത മൂന്ന് ജീവനക്കാരെ തിരിച്ചെടുക്കണമെന്നതായിരുന്നു ആവശ്യം.

തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 500 ഓളം ജീവനക്കാര്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുമെന്ന് യൂണിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. വേതന പരിഷ്‌കരണം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 2024ല്‍ 30 ദിവസത്തിലധികം ജീവനക്കാര്‍ പണിമുടക്കിയിരുന്നു. പിന്നീട് തമിഴ്നാട് സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു അത് പിന്‍വലിച്ചത്.

‘മാനേജ്മെന്റിന്റെ പിന്തുണയുള്ള വര്‍ക്കേഴ്സ് കമ്മിറ്റിയില്‍ ചേരാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കരുത് എന്നതാണ് നേരത്തെ മാനേജ്മെന്റിനോട് പറഞ്ഞിരുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇപ്പോള്‍ 25 ഓളം ജീവനക്കാര്‍ കമ്മിറ്റിയില്‍ ഒപ്പുവച്ചു. മറ്റ് ജീവനക്കാരെ ഒപ്പിടാനും കമ്മിറ്റിയില്‍ ഭാഗമാകാനും മാനേജ്മെന്റ് നിര്‍ബന്ധിക്കുന്നു. ഇത് തള്ളിക്കളഞ്ഞ മൂന്നുപേരെയാണ് കമ്പനി സസ്‌പെന്‍ഡ് ചെയ്തത് ‘, യീണിയന്‍ പറയുന്നു.

സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ മൂന്ന് പേര്‍ യൂണിയന്‍ ഭാരവാഹികളാണ്. ഒരാള്‍ വൈസ് പ്രസിഡന്റ് സ്ഥാനവും മറ്റ് രണ്ട് പേര്‍ ഡെപ്യൂട്ടി സെക്രട്ടറിയുമാണ്.

അതേസമയം ഒരു തൊഴിലാളിയെയും കമ്മിറ്റിയില്‍ ചേരാനോ യൂണിയന്‍ വിടാനോ കമ്പനി നിര്‍ബന്ധിച്ചിട്ടില്ലെന്ന് പ്രസ്താവിച്ച സാംസംഗ് ഇന്ത്യ, യൂണിയന്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിശേഷിപ്പിച്ചു. ‘തൊഴില്‍ സ്ഥലത്തെ വ്യാവസായിക സമാധാനം തകര്‍ക്കുന്ന ജീവനക്കാരുടെ നിയമവിരുദ്ധമായ നടപടികളെ കമ്പനി അംഗീകരിക്കുന്നില്ലെന്ന് സാംസംഗ് അംഗീകരിക്കുന്നില്ല’, കമ്പനി വക്താവ് പറഞ്ഞു.

സര്‍ക്കാര്‍ അധികാരികള്‍ വഴിയൊരുക്കി സമരം ചെയ്യുന്ന ജീവനക്കാരുമായി ചര്‍ച്ച നടത്താന്‍ മാനേജ്മെന്റ് തയ്യാറാണെന്നും കമ്പനി അറിയിച്ചു.ഈ മാസം അഞ്ചുമുതല്‍ ജീവനക്കാര്‍ സമരത്തിലാണ്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *