പണം കൈകാര്യം ചെയ്യുന്നത് നിങ്ങൾക്ക് ഒരു വെല്ലുവിളിയാണെങ്കിൽ, 50-30-20 റൂൾ നിങ്ങളെ സഹായിക്കും. ഈ ലളിതമായ ബജറ്റിംഗ് രീതി നിങ്ങളുടെ വരുമാനത്തെ മൂന്ന് പ്രധാന വിഭാഗങ്ങളായി വിഭജിക്കുന്നു. ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, സമ്പാദ്യം എന്നിവയ്ക്കായി നിങ്ങളുടെ വരുമാനം കണക്കാക്കി, ഓരോ നിർദ്ദിഷ്ട വിഭാഗത്തിനും വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം നീക്കിവയ്ക്കുന്നു. ഈ റൂൾ പിന്തുടരുന്നത് എളുപ്പമാണ്, കൂടാതെ നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കണം എന്നതിനെ കുറിച്ച് ഒരു വ്യക്തമായ ധാരണ നൽകുന്നു.
യുഎസ് സെനറ്റർ എലിസബത്ത് വാറൻ 2005-ൽ പ്രസിദ്ധീകരിച്ച തൻ്റെ “ഓൾ യുവർ വർത്ത്: ദി അൾട്ടിമേറ്റ് ലൈഫ് ടൈം മണി പ്ലാൻ” എന്ന പുസ്തകത്തിൽ 50-20-30 റൂൾ എന്നതിനെക്കുറിച്ച് എഴുതിയിരിക്കുന്നു. ഇത് ജനപ്രിയമായ വ്യക്തിഗത ബജറ്റിംഗ് എന്ന നിലയിൽ പരക്കെ അംഗീകരിക്കപ്പെട്ടു.
50-30-20 നിയമം എങ്ങനെ പ്രയോഗിക്കാം?
നിങ്ങളുടെ മൊത്തം പ്രതിമാസ വരുമാനം കണക്കാക്കുക. ശേഷം വരുമാനത്തെ ആവശ്യങ്ങൾ, ആഗ്രഹങ്ങൾ, സമ്പാദ്യം എന്നിവയ്ക്കായി 50%, 30%, 20% എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി പ്രത്യേക ബജറ്റ് തയ്യാറാക്കുക. ചെലവുകൾ ട്രാക്ക് ചെയ്യുകയും, ബജറ്റിനുള്ളിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യണം.
50% ആവശ്യങ്ങക്കായി നീക്കി വെക്കുക : നിങ്ങളുടെ വരുമാനത്തിന്റെ 50% നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കായി ചെലവഴിക്കണം. ഇതിൽ വാടക, ഭക്ഷണം, യൂട്ടിലിറ്റികൾ, ഗതാഗതം, ഇൻഷുറൻസ് തുടങ്ങിയവ ഉൾപ്പെടുന്നു. ഈ ചെലവുകൾ ഒഴിവാക്കാനാവില്ല, അതിനാൽ അവയ്ക്ക് പ്രാധാന്യം നൽകേണ്ടത് പ്രധാനമാണ്.
30% ആഗ്രഹങ്ങക്കായി മാറ്റി വെയ്ക്കുക: വരുമാനത്തിന്റെ 30% നിങ്ങളുടെ ആഗ്രഹങ്ങൾക്കായി ചെലവഴിക്കാം. ഇതിൽ ഡൈനിംഗ് ഔട്ട്, ഷോപ്പിംഗ്, വിനോദം, യാത്രകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ ചെലവുകൾ ഒഴിവാക്കാവുന്നവയാണ്, അതിനാൽ നിങ്ങളുടെ ബജറ്റിനെ അടിസ്ഥാനമാക്കി അവയെ പരിമിതപ്പെടുത്തേണ്ടതുണ്ട്.
20% സമ്പാദ്യത്തിനായി മാറ്റി വെയ്ക്കുക : നിങ്ങളുടെ വരുമാനത്തിന്റെ 20% സമ്പാദ്യത്തിനും, നിക്ഷേപത്തിനുമായി മാറ്റിവയ്ക്കണം. പെൻഷൻ പദ്ധതികൾ, അടിയന്തര ഫണ്ട്, കടം വീട്ടൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇത് നിങ്ങളുടെ ഭാവി സാമ്പത്തിക സുരക്ഷയ്ക്കായി നിക്ഷേപിക്കാനും അടിയന്തിര സാഹചര്യങ്ങൾക്കായി ഒരു അടിയന്തിര ഫണ്ട് സൃഷ്ടിക്കാനും സഹായിക്കും.
ഗുണങ്ങൾ
ഈ ബഡ്ജറ്റിങ് നിയമം പിന്തുടരുന്നത് നിങ്ങളുടെ സാമ്പത്തിക അച്ചടക്കം കൂടാതെ ധനകാര്യ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കടം വീട്ടലിനായി പ്രത്യേകം പണം നീക്കി വയ്ക്കുന്നതിലൂടെ, നിങ്ങളുടെ കടം കുറയ്ക്കാൻ സഹായിക്കുന്നു.
പരിധികൾ
ചിലപ്പോൾ, നിങ്ങളുടെ ജീവിതച്ചെലവ് 50% നിയമത്തിൽ നിർദ്ദേശിച്ചതിലും കൂടുതലായിരിക്കാം. അപ്രതീക്ഷിത ചെലവുകൾ ഉണ്ടായാൽ, നിങ്ങളുടെ ബജറ്റ് തെറ്റിപ്പോകാം. 30% ആഗ്രഹങ്ങക്കായി എന്ന റൂൾ പാലിക്കാൻ സാധിച്ചില്ലെങ്കിൽ മൊത്തം പ്ലാനിങ്ങും അവതാളത്തിൽ ആകും. ചെലവുകൾ നിയന്ത്രിക്കാൻ സാധിച്ചാൽ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. അതിനാൽ ഈ നിയമം എല്ലാവർക്കും അനുയോജ്യമല്ല. നിങ്ങളുടെ വരുമാനം സ്ഥിരമായിരിക്കുകയും നിങ്ങളുടെ കടം കുറവായിരിക്കുകയും ചെയ്താൽ മാത്രമേ ഈ നിയമം നിങ്ങൾക്ക് ഫലപ്രദമാകൂ. അതിനാൽ നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് നിങ്ങൾക്ക് ഈ നിയമം മാറ്റിയെഴുതാം.
Jobbery.in