February 28, 2025
Home » സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ്: മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്ക് (എസ്പിസി) യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് നൽകാൻ സംസ്ഥാന മന്ത്രിസഭ യോഗത്തിൽ തീരുമാനം. എസ്എസ്എല്‍സി, പ്ലസ്ടു തലങ്ങളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള യൂണിഫോം സർവിസുകളിലെ നിയമനത്തിന് വെയിറ്റേജ് അനുവദിക്കുക.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലായി നാല് വർഷം ട്രെയിനിങ് പൂർത്തിയാക്കുന്നവരും, എ പ്ലസ് ഗ്രേഡ് നേടുന്നവരുമായ കേഡറ്റുകൾക്ക് അഞ്ച് ശതമാനം വെയിറ്റേജ് നല്‍കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലായി നാലു വർഷം ട്രൈയിനിങ് പൂർത്തിയാക്കുന്ന, ഹൈസ്‌കൂൾ തലത്തിൽ എ പ്ലസ് ഗ്രേഡും ഹയർ സെക്കൻഡറി തലത്തിൽ എ ഗ്രേഡും കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്ക് നാല് ശതമാനം വെയിറ്റേജ് അനുവദിക്കും. ഹൈസ്കൂൾ തലത്തിൽ എ ഗ്രേഡും ഹയർ സെക്കൻഡറി തലത്തിൽ എ പ്ലസ് ഗ്രേഡും നേടുന്നവരും ഹൈസ്കൂൾ തലത്തിലും ഹയർ സെക്കൻഡറി തലത്തിലും എ ഗ്രേഡ് കരസ്ഥമാക്കുന്നവരുമായ കേഡറ്റുകൾക്കും നാല് ശതമാനം വെയിറ്റേജ് അനുവദിക്കും.
ഹൈസ്കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് മൂന്ന് ശതമാനം വെയിറ്റേജ് ലഭിക്കും. ഹൈസ്കൂൾ തലത്തിലോ ഹയർ സെക്കൻഡറി തലത്തിലോ രണ്ടു വർഷം ട്രെയിനിങ് പൂർത്തിയാക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്യുന്ന കേഡറ്റുകൾക്ക് രണ്ട് ശതമാനമാണ് വെയിറ്റേജ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി വ്യാപിപ്പിക്കുന്നത് പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *