Now loading...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജ്യൂക്കേറ്റർമാരുടെ തസ്തികകൾ കണ്ടെത്തി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ഒഴിഞ്ഞകിടക്കുന്ന സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ 12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾ നടപ്പാക്കിയോ എന്ന് പരിശോധിക്കാൻ കേസ് മൂന്ന് മാസത്തിന് ശേഷം കോടതി പരിഗണിക്കും. സ്പെഷൽ എജ്യൂക്കേറ്റർമാരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. നിലവിൽ കേരളം അടക്കം സംസ്ഥാനങ്ങളിൽ താത്കാലിക ജോലി ചെയ്യുന്ന സ്പെഷ്യൽ എജ്യൂക്കേറ്റർമാരിൽ സ്ഥിര നിയമനത്തിന് അർഹരായവരെ കണ്ടെത്താൻ പ്രത്യേക സമിതിയെ രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡ പ്രകാരമുള്ള അധ്യാപക- വിദ്യാർത്ഥി അനുപാതം അനുസരിച്ച് പ്രൈമറി, സെക്കൻഡറി തലത്തിൽ തസ്കികൾ കണ്ടെത്തണം. ഈ സ്കൂളുകളിൽ സ്ഥിര നിയമനത്തിനുള്ള നടപടികൾ സ്വീകരിക്കണം. സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷൂ ധൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
Now loading...