January 10, 2025
Home » സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും

തിരുവനന്തപുരം:എസ്എസ്എൽസി ഇംഗ്ലീഷ്,
പ്ലസ് വൺ ഗണിതം പരീക്ഷകളുടെ
ചോദ്യങ്ങൾ പരീക്ഷയ്ക്ക് മുമ്പ് യുട്യൂബ് ചാനലിൽ അടക്കം പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് കർശന നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡിജിപി, സൈബർ സെൽ എന്നിവർക്ക് ഉടൻ പരാതി കൈമാറും. ചോദ്യപേപ്പർ പുറത്ത്അ വിട്ടത് അതീവ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തിൽ കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ കൊണ്ടു വരുമെന്നും മന്ത്രി വി. ശിവൻകുട്ടിയുടെ ഓഫീസ് അറിയിച്ചു.
കുട്ടികളുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു വിധ വിട്ടുവീഴ്ചകളും പൊതുവിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളുകയില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പ്ലസ് വൺ, പ്ലസ് ടു ക്രിസ്തുമസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്.സി.ഇ.ആർ.ടി. വർക്ക്‌ഷോപ്പ് നടത്തിയാണ് നിശ്ചയിക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയ്യാറാക്കുക. അതിൽ ഒരു സെറ്റ് തെരഞ്ഞെടുത്ത് സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിൽ പ്രിന്റ് ചെയ്ത് അവർ തന്നെ 14 ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കുന്നു.
അവിടെ നിന്നും പ്രിൻസിപ്പൽമാർ ഇവ കളക്ട് ചെയ്യുന്നു.
എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ചോദ്യ
പേപ്പറുകൾ വിവിധ ഡയറ്റുകൾ തയ്യാറാക്കുന്നു.
രണ്ട് സെറ്റ് ചോദ്യപേപ്പറാണ് തയ്യാറാക്കുക.
അതിൽ ഒന്ന് തിരഞ്ഞെടുത്ത് എസ്.എസ്.കെ. വഴി പ്രസ്സിലേക്ക് പോകുന്നു. പ്രസ്സിൽ നിന്നും വിവിധ ബി.ആർ.സി. കളിലേക്കും അവിടെ നിന്നും സ്‌കൂളുകളിലേക്കും പോകുന്നു.
ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെയുള്ള പരീക്ഷ പേപ്പർ എസ്.എസ്.കെ. വർക്ക്‌ഷോപ്പ് സംഘടിപ്പിച്ച് രണ്ട് സെറ്റ് തയ്യാറാക്കുന്നു. അതിൽ ഒന്ന് തിരഞ്ഞെടുത്ത് പ്രസ്സിലേക്കും തുടർന്ന് പ്രിന്റ് ചെയ്ത് ബി.ആർ.സി. കളിലേക്കും വിതരണം ചെയ്യുന്നു. ഇതിനേക്കാൾ കർശനമായ രീതിയിലാണ് പൊതുപരീക്ഷകൾ നടക്കുന്നത്. ഹയർ സെക്കണ്ടറി രണ്ടാം വർഷത്തിന് അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്.എസ്.എൽ.സി. യ്ക്ക് നാല് സെറ്റ് ചോദ്യപേപ്പറുകളുമാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിലാണ് പ്രിന്റ് ചെയ്യുന്നത്.
എസ്.എസ്.എൽ.സി. ചോദ്യപേപ്പറുകൾ ഡി.ഇ.ഒ. ഓഫീസിലേക്കും പ്ലസ് ടു ചോദ്യപേപ്പറുകൾ പരീക്ഷാ സെന്ററുകളിലേക്കുമാണ് എത്തിക്കുന്നത്.
ചോദ്യപേപ്പർ നിർമ്മാണം, വിതരണം
തുടങ്ങിയ മേഖലകളിലെല്ലാം അതീവ സുരക്ഷാ നടപടിക്രമങ്ങൾ കൈക്കൊള്ളാറുണ്ട്. ഇതിനിടയിലാണ് വിവിധ പരീക്ഷകളുടെ ചോദ്യപ്പേപ്പർ കഴിഞ്ഞ ദിവസങ്ങളിൽ മുൻകൂട്ടി യുട്യൂബ് ചാനലിൽ അടക്കം പ്രചരിപ്പിച്ചത്. പരീക്ഷാ ചോദ്യങ്ങൾ പ്രവചിക്കുന്നു എന്ന തരത്തിലാണ് ചോദ്യങ്ങൾ പുറത്ത് വിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *