Now loading...
തിരുവനന്തപുരം: സ്കൂൾ പ്രവർത്തന സമയത്തിന്റെ അവസാന ഭാഗത്ത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ശാരീരിക, മാനസിക ഉണർവിനായുള്ള കായിക വിനോദങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. യോഗയോ മറ്റ് വ്യായാമങ്ങളോ സ്കൂളുകളിൽ സംഘടിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. വിദ്യാർത്ഥികൾക്ക് അധ്യാപകരോട് അവരുടെ പ്രശ്നങ്ങൾ തുറന്നു പറയാനുള്ള അന്തരീക്ഷം ഒരുക്കും. മയക്കുമരുന്ന് ഉപയോഗത്തിൽപ്പെടുന്ന കുട്ടികൾക്കും അക്രമങ്ങൾക്കിരയായ വിദ്യാർത്ഥികൾക്കും പ്രത്യേക പരിചരണം ലഭ്യമാക്കും. ഇവർക്ക് അവരുടെ അനുഭവങ്ങൾ ഭയരഹിതമായി പങ്കുവയ്ക്കുന്നതിനായി കൗൺസിലിങ് സംവിധാനങ്ങൾ ശക്തിപ്പെടുത്തും. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരെയും കൗൺസിലർമാരെയും ഇതിനായി നിയോഗിക്കും. ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ സംസ്ഥാനത്തെ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
Now loading...