January 11, 2025
Home » 79,000 തിരിച്ചെടുത്ത് സെൻസെക്സ്; 557 പോയിന്റ് ഉയർന്ന് നിഫ്റ്റി Jobbery Business News

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. സെൻസെക്‌സ് 79,000 പോയിന്റ് മറികടക്കുകയും ചെയ്തു. സെക്ടറുകളിലുടനീളം വാങ്ങൽ ദൃശ്യമായത് വിപണിക്ക് താങ്ങായി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഉയർന്നു വന്ന വാങ്ങലായിരുന്നു സൂചികകൾ നേട്ടത്തിലെത്തിച്ചത്. യുഎസ് വിപണികളിലെ കുതിപ്പും വിപണിക്ക് കരുത്തായി.

സെൻസെക്‌സ് 1,961.32 പോയിൻ്റ് അഥവാ 2.54 ശതമാനം ഉയർന്ന് 79,117.11ൽ വ്യാപാരം അവസാനിപ്പിച്ചു. ഇൻട്രാ ഡേയിൽ സൂചിക 2,062.4 പോയിൻ്റ് ഉയർന്ന് 79,218.19 വരെ എത്തിയിരുന്നു. നിഫ്റ്റി 557.35 പോയിൻ്റ് അഥവാ 2.39 ശതമാനം ഉയർന്ന് 23,907.25ൽ ക്ലോസ് ചെയ്തു. 

സെൻസെക്സിൽ എല്ലാ ഓഹരികളും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റൻ, ഐടിസി, ഇൻഫോസിസ്, ലാർസൻ ആൻഡ് ടൂബ്രോ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

നിഫ്റ്റി ഐടി, ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ്, റിയാലിറ്റി സൂചികകൾ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി പിഎസ്‌യു ബാങ്ക് 2.47 ശതമാനം ഉയർന്ന് വീണ്ടെടുക്കൽ രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ അദാനി ഗ്രൂപ് ഓഹരികൾ ഇന്ന് ആശ്വാസത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അംബുജ സിമൻ്റ്‌സ് 3.50 ശതമാനവും എസിസി 3.17 ശതമാനവും അദാനി എൻ്റർപ്രൈസസ് 2.16 ശതമാനവും അദാനി പോർട്ട്‌സ് 2.05 ശതമാനവും, അദാനി ടോട്ടൽ ഗ്യാസ് 1.18 ശതമാനവും എൻഡിടിവി 0.65 ശതമാനവും ഉയർന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 5,320.68 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 4,200.16 കോടി രൂപയുടെഓഹരികളാണ് വാങ്ങിയത്.

ഏഷ്യൻ വിപണികളിൽ, സിയോളും ടോക്കിയോയും നേട്ടത്തോടെ ക്ലോസ് ചെയ്തു. ഷാങ്ഹായും ഹോങ്കോങ്ങും നഷ്ടത്തിലാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.19 ശതമാനം ഉയർന്ന് ബാരലിന് 74.37 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം ഉയർന്ന് 2700 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 84.44 ൽ എത്തി.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *