ഐ എസ് ആർ ഒ യിൽ അസിസ്റ്റന്റ് മുതൽ അവസരങ്ങൾ.
ISRO ICRB 2026-ൽ അസിസ്റ്റന്റ്, യു.ഡി.സി., ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷിക്കാം.
ബഹിരാകാശ ഗവേഷണ സംഘടനയായ ISRO, ICRB 2026-ന്റെ ഭാഗമായി വിവിധ ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് മികച്ച അവസരമാണിത്. അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക് (UDC), ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA), സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് നിയമനം.
ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ 2026 ജൂലൈ 27-ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഓഗസ്റ്റ് 16-ന് രാത്രി 11:55 വരെയാണ്.
അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ബിരുദത്തിന് കുറഞ്ഞത് 60 ശതമാനം മാർക്ക് അല്ലെങ്കിൽ 10 പോയിന്റ് സ്കെയിലിൽ 6.32 CGPA ഉണ്ടായിരിക്കണം. കൂടാതെ ബിരുദം നിശ്ചിത പഠനകാലയളവിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം.
അസിസ്റ്റന്റ്, യു.ഡി.സി. തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദത്തിന് പുറമെ കൊമേഴ്സ്യൽ അല്ലെങ്കിൽ സെക്രട്ടേറിയൽ പ്രാക്ടീസിൽ 60 ശതമാനം മാർക്കോടെയുള്ള ഡിപ്ലോമയോ, സ്റ്റെനോ-ടൈപ്പിസ്റ്റായി ഒരു വർഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് സ്റ്റെനോഗ്രാഫിയിൽ മിനിറ്റിൽ 60 വാക്കുകളുടെ വേഗതയും കമ്പ്യൂട്ടർ പരിജ്ഞാനവും നിർബന്ധമാണ്.
2026 ഓഗസ്റ്റ് 16-നുള്ള കണക്കുപ്രകാരം പൊതുവിഭാഗക്കാർക്ക് പരമാവധി 28 വയസ്സ്, ഒ.ബി.സി. (നോൺ-ക്രീമി ലെയർ) വിഭാഗക്കാർക്ക് 31 വയസ്സ്, എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 33 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി. സർക്കാർ ജീവനക്കാർ, മുൻ സൈനികർ, ഭിന്നശേഷിക്കാർ, മെറിറ്റോറിയസ് സ്പോർട്സ് വ്യക്തികൾ, വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ എന്നിവർക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
അപേക്ഷാ നടപടിയുടെ ഭാഗമായി എല്ലാ അപേക്ഷകരും ആദ്യം 500 പ്രോസസ്സിംഗ് ഫീസ് അടയ്ക്കണം. വനിതകൾ, എസ്.സി./എസ്.ടി., ഭിന്നശേഷിക്കാർ, മുൻ സൈനികർ എന്നിവർ പരീക്ഷയിൽ പങ്കെടുക്കുകയാണെങ്കിൽ മുഴുവൻ തുകയും തിരികെ ലഭിക്കും. മറ്റ് വിഭാഗക്കാർക്ക് പരീക്ഷയിൽ പങ്കെടുത്താൽ 100 അപേക്ഷാ ഫീസ് കുറച്ചുള്ള ബാക്കി തുക ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകും.
അപേക്ഷ സമർപ്പിക്കാൻ ISRO-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് Careers വിഭാഗത്തിലെ ICRB Recruitment 2026 ലിങ്ക് തിരഞ്ഞെടുക്കണം. തുടർന്ന് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷാ ഫീസ് അടയ്ക്കണം. ശേഷം ഫോട്ടോയും ഒപ്പും JPG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്ത് എല്ലാ വിവരങ്ങളും പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കണം.
ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. എന്നാൽ ഒരേ തസ്തികയിലേക്ക് വ്യത്യസ്ത സോണുകളിൽ അപേക്ഷിക്കാൻ പാടില്ല. ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷയും ഫീസും നൽകേണ്ടതാണ്.
പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്ക് അപേക്ഷയിൽ നൽകിയ ബാങ്ക് അക്കൗണ്ടിലേക്കാണ് ഫീസ് തിരികെ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ 38 നഗരങ്ങളിലാണ് പരീക്ഷ നടക്കുക.
സ്റ്റെനോഗ്രാഫർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സ്റ്റെനോഗ്രാഫി സ്കിൽ ടെസ്റ്റും ഉണ്ടായിരിക്കും. ഇംഗ്ലീഷിൽ മിനിറ്റിൽ 60 വാക്കുകളുടെ വേഗതയിൽ 5 മിനിറ്റിനുള്ളിൽ 300 വാക്കുകൾ ഡിക്റ്റേഷൻ നൽകും. തുടർന്ന് 30 മിനിറ്റിനുള്ളിൽ അത് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് സമർപ്പിക്കണം.
Today's product
