ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ ജലഗതാഗത സേവനം ആരംഭിച്ച് റൈഡ്-ഹെയ്ലിംഗ് ആപ്പ് ഊബര്‍. ഇതിന്റെ ഭാഗമായി ശീനഗറിലെ ദാല്‍ തടാകത്തില്‍ ഷിക്കാരയുടെ സേവനം യൂബര്‍ ആപ്പ് വഴി ആരംഭിച്ചു.
‘സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാര്‍ക്ക് അവരുടെ ഷിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കാനുള്ള തങ്ങളുടെ ശ്രമമാണ് ഊബര്‍ ശിക്കാര. ടൂറിസ്റ്റുകള്‍ക്ക് ഒരു ഐതിഹാസിക അനുഭവം ഊബറിന്റെ സേവനത്തിലൂടെ ലഭ്യമാകുന്നു”, ഊബര്‍ ഇന്ത്യ പ്രസിഡന്റ് പ്രഭ്ജീത് സിംഗ് പറഞ്ഞു.
ഊബര്‍ ആദ്യമായാണ് ജലഗതാഗത സേവനം ഏഷ്യയില്‍ നടത്തുന്നതെന്ന് കമ്പനി വക്താവ് സ്ഥിരീകരിച്ചു. ഇറ്റലിയിലെ വെനീസ് ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ ഊബര്‍ നിലവില്‍ ജലഗതാഗത ബുക്കിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്.
കശ്മീരില്‍ കമ്പനി തുടക്കത്തില്‍ ഏഴ് ഷിക്കാരകളാണ് അവതരിപ്പിച്ചത്. സേവനത്തിന് ലഭിക്കുന്ന പിന്തുണ കണക്കാക്കി ക്രമേണ ഫ്‌ലീറ്റ് വികസിപ്പിക്കാനാണ് പദ്ധതി. ഊബര്‍ ഉപയോക്താക്കള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഷിക്കാര ബുക്ക് ചെയ്യാന്‍ കഴിയും എന്നത് പ്രത്യേകതയാണ്.
ഊബര്‍ അതിന്റെ ശിക്കാര പങ്കാളികളില്‍ നിന്ന് ഒരു ഫീസും ഈടാക്കുന്നില്ലെന്നും മുഴുവന്‍ തുകയും അവര്‍ക്ക് കൈമാറുമെന്നും കമ്പനിയുടെ വക്താവ് പറഞ്ഞു.
ഓരോ ഊബര്‍ ഷിക്കാര റൈഡും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് സര്‍വീസ് ലഭ്യമാകുക. ഊബര്‍ ഷിക്കാര റൈഡുകള്‍ 12 മണിക്കൂര്‍ മുമ്പും 15 ദിവസം മുമ്പും ബുക്ക് ചെയ്യാം.
ദാല്‍ തടാകത്തില്‍ ഏകദേശം 4,000 ഷിക്കാരകളുണ്ട്. ഊബര്‍ കൂടുതല്‍ ശിക്കാര പങ്കാളികളെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ശിക്കാര ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വാലി മുഹമ്മദ് ഭട്ട് പറഞ്ഞു.
‘ഉബര്‍ സേവനം ഷിക്കാര ഓപ്പറേറ്റര്‍മാരുടെ ബിസിനസ്സ് വര്‍ധിപ്പിക്കും. കാരണം ആപ്പ് നിശ്ചിത നിരക്കില്‍ ബോട്ടുകളുടെ ബുക്കിംഗ് സുഗമമാക്കുകയും ഫീസിനുള്ള വിലപേശല്‍ അവസാനിപ്പിക്കുകയും ചെയ്യും. ബുക്കിംഗ് ശിക്കാര ഓപ്പറേറ്റര്‍മാര്‍ക്ക് ഉറപ്പായ വരുമാനം നല്‍കും. കൂടുതല്‍ ഷിക്കാര ഊബറില്‍ ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ഭട്ട് പറഞ്ഞു.
ഊബര്‍ ഇതിനകം തന്നെ ശ്രീനഗറില്‍ ക്യാബ് സര്‍വീസ് നടത്തുന്നുണ്ട്.
Jobbery.in