January 10, 2025
Home » 600 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഹ്യുണ്ടായ് Jobbery Business News

അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം 600 പൊതു ഇവി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. ഡിസംബര്‍ അവസാനത്തോടെ 50 ഫാസ്റ്റ് പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

സുസ്ഥിര ചലനാത്മകത വളര്‍ത്തിയെടുക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്ക് ഈ മഹത്തായ സംരംഭം അടിവരയിടുന്നു. കൂടാതെ ഇന്ത്യയുടെ ക്ലീന്‍ എനര്‍ജിയിലേക്കുള്ള മാറ്റത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ ഒരുങ്ങുകയാണ്, പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

2030ഓടെ ഇന്ത്യയിലെ ഇവി വിപണി ശക്തമായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഫംഗ്ഷന്‍ ഹെഡ് – കോര്‍പ്പറേറ്റ് പ്ലാനിംഗ് ജേ വാന്‍ റ്യൂ പറഞ്ഞു. ചാര്‍ജ്ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവം മൂലം ഹൈവേകളില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ഉപഭോക്താക്കള്‍ തങ്ങളുടെ ഇവികള്‍ ഓടിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരാണെന്ന് എച്ച്എംഐഎല്‍ നടത്തിയ പഠനങ്ങള്‍ എടുത്തുകാണിക്കുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

”അതിനാല്‍ പ്രധാന നഗരങ്ങള്‍ക്ക് പുറമേ, പ്രധാന ഹൈവേകളിലും ഫാസ്റ്റ് ഇവി ചാര്‍ജറുകള്‍ സ്ഥാപിക്കാന്‍ കമ്പനി മുന്‍കൈ എടുത്തിട്ടുണ്ട്,” റ്യൂ പറഞ്ഞു.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എല്ലാ ഫോര്‍ വീലര്‍ ഇവികള്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് തങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 2027 ഓടെ സംസ്ഥാനത്തുടനീളം 100 ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ തമിഴ്നാട് സര്‍ക്കാരുമായി കമ്പനി ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ടെന്നും ഹ്യൂണ്ടായ് പറഞ്ഞു. ഇതില്‍ പത്ത് സ്റ്റേഷനുകള്‍ 2024 കലണ്ടര്‍ വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *