തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതാൻ പാടില്ലെന്നും പരീക്ഷകളിൽ ഇനി വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണമെന്നും നിർദേശം. സ്കൂൾ ചോദ്യപേപ്പർ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആർ.ടി വിദ്യാഭ്യാസ വകുപ്പിനു സമർപ്പിച്ച റിപ്പോർട്ടിലാണ് പരീക്ഷകളിൽ ഇനി പഠന മികവ് ഉറപ്പാക്കാനുള്ള പരിശോധനയും വേണമെന്ന് നിർദേശിച്ചത്. കുട്ടികളുടെ ആശയ സ്വാംശീകരണം, സർഗാത്മക ശേഷി, മൂല്യമനോഭാവങ്ങൾ, പ്രയോഗശേഷി, ഗണന ചിന്ത, വിശകലനാത്മക ചിന്ത, വിമർശനാത്മക ചിന്ത തുടങ്ങിയവ സംബന്ധിച്ച പരിശോധനയും പരീക്ഷ ചോദ്യങ്ങളിൽ ഉൾക്കൊള്ളിക്കണമെന്നാണ് നിർദേശം.
ഓരോ വിഷയത്തിലും വിദ്യാർത്ഥിയുടെ അറിവിന്റെ അടിസ്ഥാനതലം, ശരാശരിതലം, ആഴത്തിലുള്ള തലം എന്നിവ പരിശോധിക്കണം. നിലവിൽ ഇത്തരം ഘടകങ്ങളുടെ കൃത്യമായ പരിശോധനയില്ലാതെയാണ് ചോദ്യങ്ങൾ തയാറാക്കുന്നതും പരീക്ഷ നടത്തുന്നതും. വർധിച്ചുവരുന്ന മത്സര പരീക്ഷകളുടെ സാഹചര്യത്തിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളെ കൂടുതൽ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷാ ചോദ്യങ്ങളുടെ മാതൃകയിൽ മാറ്റംകൊണ്ടുവരാൻ നിർദേശം. അടുത്ത അധ്യയന വർഷത്തിൽ ഇത് നടപ്പാക്കിയേക്കും.