January 10, 2025
Home » എക്കാലത്തെയും ഉയര്‍ന്ന പങ്കാളിത്തവുമായി ഓട്ടോ എക്‌സ്‌പോ വരുന്നു Jobbery Business News

ഓട്ടോ എക്സ്പോയുടെ വരാനിരിക്കുന്ന പതിപ്പില്‍ 34 വാഹന നിര്‍മ്മാതാക്കള്‍ പങ്കെടുക്കും. 1986 ലെ മാര്‍ക്വീ ഇവന്റിന്റെ ആദ്യ പതിപ്പിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പതിപ്പാണിത്.

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 ന്റെ ആഭിമുഖ്യത്തില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് (സിയാം) ACMA, CII എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ‘ദ മോട്ടോര്‍ ഷോ’ സംഘടിപ്പിക്കുന്നത്. ജനുവരി 17 മുതല്‍ 22 വരെ ന്യൂഡെല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് എക്‌സ്‌പോ.

”ഏകദേശം 34 വാഹന നിര്‍മ്മാതാക്കള്‍ എക്സിബിഷനില്‍ പങ്കെടുക്കുകയും ബന്ധപ്പെട്ട സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും,” സിയാം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പിടിഐയോട് പറഞ്ഞു.

ഇതുവരെയുള്ള ഇവന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ, കിയ മോട്ടോര്‍ ഇന്ത്യ, ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍, സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ തുടങ്ങിയ വാഹന നിര്‍മാതാക്കളാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബിഎംഡബ്ല്യു, മെഴ്സിഡസ്, പോര്‍ഷെ ഇന്ത്യ, ബിവൈഡി തുടങ്ങിയ ആഡംബര കാര്‍ നിര്‍മാതാക്കളും ചടങ്ങില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

ഇരുചക്രവാഹന വിഭാഗത്തില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സുസുക്കി മോട്ടോര്‍സൈക്കിള്‍, ഇന്ത്യ യമഹ എന്നിവയുടെ പങ്കാളിത്തം ഉണ്ടാകും.

വോള്‍വോ ഐഷര്‍ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ്, അശോക് ലെയ്ലാന്‍ഡ്, ജെബിഎം, കമ്മിന്‍സ് ഇന്ത്യ എന്നിവയും പരിപാടിയില്‍ പങ്കെടുക്കും.

ആതര്‍ എനര്‍ജി, ടിഐ ക്ലീന്‍ മൊബിലിറ്റി, ഏക മൊബിലിറ്റി, ഒല ഇലക്ട്രിക്, വിന്‍ഫാസ്റ്റ് തുടങ്ങിയ പ്യുവര്‍ ഇവി പ്ലെയറുകളും ഇത്തവണ ഓട്ടോ എക്സ്പോയില്‍ പങ്കെടുക്കുമെന്ന് മേനോന്‍ പറഞ്ഞു.

ഡീകാര്‍ബണൈസേഷന്‍, വൈദ്യുതീകരണം, റോഡ് സുരക്ഷ എന്നിവയില്‍ പ്രത്യേക തീമാറ്റിക് പവലിയനുകളും സിയാം എക്സ്പോയില്‍ സ്ഥാപിക്കും.

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025 അടുത്ത വര്‍ഷം ജനുവരി 17 നും 22 നും ഇടയില്‍ ഭാരത് മണ്ഡപം, യശോഭൂമി (ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്റര്‍) ദ്വാരക, ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ സെന്റര്‍ & മാര്‍ട്ട് എന്നിവിടങ്ങളില്‍ ഒരേസമയം നടക്കും.

ഓട്ടോ എക്സ്പോയുടെ അവസാന പതിപ്പ് 2023 ജനുവരി 11 മുതല്‍ 18 വരെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്സ്പോ മാര്‍ട്ടിലാണ് നടന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 ഫെബ്രുവരി 1 മുതല്‍ 3 വരെ നടന്നിരുന്നു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *